
ന്യൂഡൽഹി: ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകളുടെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം ഈ ആഴ്ച യുഎസ് സന്ദർശിക്കുന്നു. ട്രംപിൻ്റെ ഇരട്ട തീരുവ തുടരുന്നതിനിടെയാണ് സംഘം പുറപ്പെടുന്നത്. ഇതുവരെ അഞ്ച് റൗണ്ട് ചർച്ചകൾ പൂർത്തിയായി. 2025 ലെ ശരത്കാലത്തോടെ (ഒക്ടോബർ-നവംബർ) കരാറിന്റെ പ്രഥമ ഘട്ടം പൂർത്തിയാക്കുക എന്നാണ് ലക്ഷ്യമിട്ടിരുന്നത്.
ഉഭയകക്ഷി വ്യാപാരം നിലവിലെ 191 ബില്യൺ ഡോളറിൽ നിന്ന് 2030 ആകുമ്പോഴേക്കും 500 ബില്യൺ ഡോളറായി വർധിപ്പിക്കാനാണ് ഇന്ത്യ യുസ് ഉഭയകക്ഷി വ്യാപാര കരാർ ലക്ഷ്യമിടുന്നത്. അതിനിടയിലാണ് ലോക രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദതന്ത്രവുമായി ട്രംപ് വ്യാപാര യുദ്ധം ആരംഭിച്ചത്. ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയുടെ ഏകദേശം 18 ശതമാനവും, ഇറക്കുമതിയിൽ 6.22 ശതമാനവും, രാജ്യത്തിൻ്റെ മൊത്തം ചരക്ക് വ്യാപാരത്തിൽ 10.73 ശതമാനവും അമേരിക്കയുമായാണ്.
കഴിഞ്ഞ മാസം ന്യൂയോർക്കിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് വ്യാപാര പ്രതിനിധി (യുഎസ്‌ടിആർ) ജാമിസൺ ഗ്രീർ, ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ എന്നിവരുമായി വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഉൾപ്പെടെ ഒരു സംഘം വ്യാപാര ചർച്ചകൾക്കായി കൂടിക്കാഴ്ച നടത്തിയിരുന്നു.