
ന്യൂഡല്‍ഹി : താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ എംബസി ഔദ്യോഗികമായി ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം. ‘കാബൂള്‍ നയതന്ത്ര ദൗത്യം’ എന്ന പേരില്‍ മുമ്പുണ്ടായിരുന്ന ഓഫീസാണ് എംബസിയായി പ്രവര്‍ത്തനം മാറ്റിയത്.
താലിബാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖിയുടെ അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നയതന്ത്ര മേഖലയില്‍ ഇന്ത്യയുടെ സുപ്രധാന നീക്കം.
കാബൂളിലെ ‘നയതന്ത്ര ദൗത്യം’ ഇന്ത്യ മെച്ചപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞിരുന്നു. എന്നാല്‍, എംബസി ആരംഭിച്ചെങ്കിലും താലിബാന്‍ ഭരണകൂടത്തിന് ഇന്ത്യ ഔദ്യോഗിക അംഗീകാരം നല്‍കിയേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
2021 ഓഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തത്. പിന്നാലെ ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും എല്ലാ ദൗത്യങ്ങളും അവസാനിപ്പിക്കുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയുടെ സുപ്രധാന നീക്കമെന്നതും പ്രത്യേകതയാണ്.
Indian External Affairs Ministry opens embassy in Afghan














