
ന്യൂഡല്‍ഹി : ഡോണള്‍ഡ് ട്രംപിന്റെ വിദേശനയം കൈകാര്യം ചെയ്യുന്ന രീതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ‘ഇപ്പോഴത്തേത് പോലെ പരസ്യമായി വിദേശനയം നടത്തിയ ഒരു യുഎസ് പ്രസിഡന്റിനെ ലോകം ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കണോമിക് ടൈംസ് വേള്‍ഡ് ലീഡേഴ്സ് ഫോറം 2025-ല്‍ സംസാരിക്കവെയായിരുന്നു, ഇന്ത്യക്ക് ഉയര്‍ന്ന തീരുവ അടക്കം ചുമത്തിയ ട്രംപിനോടുള്ള വിയോജിപ്പ് ജയ്ശങ്കര്‍ അറിയിച്ചത്. ‘ഇന്ത്യയില്‍ മാത്രം ഒതുങ്ങാത്ത ഒരു കാര്യമാണിത്… പ്രസിഡന്റ് ട്രംപിന്റെ ലോകത്തോട് ഇടപെടുന്ന രീതി, സ്വന്തം രാജ്യത്തോട് പോലും ഇടപെടുന്നത്, പരമ്പരാഗത യാഥാസ്ഥിതിക രീതിയില്‍ നിന്നുള്ള വളരെ വലിയ ഒരു വ്യതിയാനമാണ്…’- അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ യുഎസ് മധ്യസ്ഥത വഹിച്ചെന്ന് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങളും ജയ്ശങ്കര്‍ തിരുത്തി. അമേരിക്കയുടെ മധ്യസ്ഥത ഉണ്ടായിട്ടില്ലെന്നും ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ 1970 മുതല്‍, 50 വര്‍ഷത്തിലേറെയായി, ഇന്ത്യക്ക് ഒരു ദേശീയ സമവായമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 50 ശതമാനം തീരുവ ചുമത്തുന്നതിനെ കുറിച്ച് പ്രതികരിച്ച ജയ്ശങ്കര്‍, ഏതൊരു വ്യാപാര ചര്‍ച്ചകളിലും ആഭ്യന്തര കര്‍ഷകരുടെ താല്‍പ്പര്യങ്ങളാണ് പരമപ്രധാനമെന്ന് ചൂണ്ടിക്കാട്ടി. ”വ്യാപാരത്തിന്റെ കാര്യത്തില്‍, കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍, നമ്മുടെ തന്ത്രപരമായ സ്വയംഭരണത്തിന്റെ കാര്യത്തില്‍, മധ്യസ്ഥതയോടുള്ള എതിര്‍പ്പിന്റെ കാര്യത്തില്‍, ഈ സര്‍ക്കാര്‍ വളരെ വ്യക്തമാണ്. ഞങ്ങളുടെ നിലപാടുകള്‍ അങ്ങനെയാണ്. ആരെങ്കിലും ഞങ്ങളോട് വിയോജിക്കുന്നുവെങ്കില്‍, കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിങ്ങള്‍ തയ്യാറല്ലെന്ന് ഇന്ത്യയിലെ ജനങ്ങളോട് പറയുക. തന്ത്രപരമായ സ്വയംഭരണത്തെ നിങ്ങള്‍ വിലമതിക്കുന്നില്ലെന്ന് ദയവായി ഇന്ത്യയിലെ ജനങ്ങളോട് പറയുക,” -അദ്ദേഹം പറഞ്ഞു.
ഒരു ബിസിനസ് അനുകൂല അമേരിക്കന്‍ ഭരണകൂടത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ സ്വന്തം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നും പകരം ‘മറ്റുള്ളവര്‍ ബിസിനസ്സ് ചെയ്യുന്നതിനെക്കുറിച്ച് കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ഇത് തനിക്ക് ‘തമാശയായി’ തോന്നിയെന്നും ജയ്ശങ്കര്‍ പരിഹസിച്ചു.