
ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ധാക്കയിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പാകിസ്ഥാൻ നാഷണൽ അസംബ്ലി സ്പീക്കർ സർദാർ അയാസ് സാദിഖിനെ അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങൾ ചർച്ചയായി. ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസാണ് ഈ ചിത്രങ്ങൾ ഔദ്യോഗികമായി പങ്കുവെച്ചത്. യൂനുസിന്റെ എക്സ് ഹാൻഡിലിലൂടെയാണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടത്. “പാകിസ്ഥാൻ നാഷണൽ അസംബ്ലി സ്പീക്കർ സർദാർ അയാസ് സാദിഖ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെ അഭിവാദ്യം ചെയ്യുന്നു” എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ധാക്കയിൽ നടന്ന ഖാലിദ സിയയുടെ ശവസംസ്കാര ചടങ്ങിനിടെയാണ് ഇരുവരും ഹ്രസ്വമായ കൂടിക്കാഴ്ചയാണ് നടത്തിയത്.
മെയ് മാസത്തിലുണ്ടായ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിന് ശേഷം ഇരുരാജ്യങ്ങളിലെയും മുതിർന്ന നേതാക്കൾ തമ്മിലുള്ള ആദ്യത്തെ ഔദ്യോഗിക കണ്ടുമുട്ടലാണിത്. എന്നാൽ, ഇതൊരു ഔദ്യോഗിക ചർച്ചയോ ഉഭയകക്ഷി കൂടിക്കാഴ്ചയോ അല്ലെന്നും ഇത്തരം ചടങ്ങുകളിൽ സ്വാഭാവികമായി ഉണ്ടാകുന്ന പ്രോട്ടോക്കോൾ മര്യാദ മാത്രമാണെന്നും ഇന്ത്യൻ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാനോടുള്ള ഇന്ത്യയുടെ വിദേശനയത്തിൽ മാറ്റമില്ലെന്നും ഭീകരവാദമില്ലാത്ത അന്തരീക്ഷത്തിലേ ചർച്ചകൾ സാധ്യമാകൂ എന്നും ഇന്ത്യ ആവർത്തിച്ചു.
Indian Foreign Minister talking to Pakistan National Assembly Speaker; Yunus releases footage from Khaleda Zia’s funeral.














