
ന്യൂഡല്‍ഹി : തീരുവ സംഘര്‍ഷം പരിഹരിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനിടെ യുഎസുമായി വീണ്ടും അകല്‍ച്ച ഉടലെടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള സൗഹൃദം അടുത്തിടെ കൂടുതല്‍ പ്രകടമായിരുന്നെങ്കിലും, നേതാക്കള്‍ തമ്മിലുള്ള ദീപാവലി ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ ഇന്ത്യയും യുഎസും വീണ്ടും ഭിന്നതയിലായി. ട്രംപ് ദീപാവലിക്ക് മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പാകിസ്ഥാനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പാക് സംഘര്‍ഷം ചര്‍ച്ചായെന്നാണ് ട്രംപ് പറയുന്നത്. മാത്രമല്ല, റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് കുറയ്ക്കാമെന്ന ഉറപ്പും മോദിയില്‍ നിന്നും തനിക്ക് ലഭിച്ചെന്നാണ് ട്രംപ് അറിയിച്ചത്. ഇതെല്ലാം ഇന്ത്യ നിഷേധിക്കുന്നുണ്ട്.
ഈ ആഴ്ച അവസാനം മലേഷ്യയില്‍ നടക്കുന്ന ആസിയാന്‍/കിഴക്കന്‍ ഏഷ്യ ഉച്ചകോടി യോഗങ്ങളെ മോദി അഭിസംബോധന ചെയ്യാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്. പകരം മോദി വെര്‍ച്വലായി പങ്കെടുക്കുമെന്നും സൂചനയുണ്ട്. ട്രംപ് പങ്കെടുക്കുന്ന ഈ ഉച്ചകോടിയില്‍ ഇരുനേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്താനുള്ള സാധ്യത കുറയ്ക്കുന്നതിനാണ് മോദി വിട്ടുനില്‍ക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ബിഹാറിലെ തിരഞ്ഞെടുപ്പ് കാരണമാണ് മോദി പങ്കെടുക്കാത്തെന്നാണ് ചില വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. താന്‍ മലേഷ്യയിലുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് നേരത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം, അടുത്ത മാസം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. താന്‍ ഈ ഉച്ചകോടിക്കായി എത്തില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ആസിയാന്‍/കിഴക്കന്‍ ഏഷ്യ ഉച്ചകോടി യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്നത് മോദി അപൂര്‍വ്വമായി മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ. ട്രംപ് സഹ-അധ്യക്ഷത വഹിച്ച ഗാസ സമാധാന ഉച്ചകോടിയിലേക്കുള്ള ഈജിപ്തിന്റെ ക്ഷണം ഈ മാസം ആദ്യം പ്രധാനമന്ത്രി നിരസിച്ചിരുന്നു.
വ്യാപാര ചര്‍ച്ചകളില്‍ ഒരു വഴിത്തിരിവും ഉണ്ടാകാത്ത സാഹചര്യത്തിലും ട്രംപുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയുടെ സാധ്യത ഇന്ത്യ ഒഴിവാക്കുന്നുണ്ട്.
Indian government denied that they discussed Pakistan in Trump’s Diwali phone call to Modi














