
ലണ്ടൻ: ലണ്ടൻ സർവകലാശാലയ്ക്ക് സമീപമുള്ള ടവിസ്റ്റോക് സ്ക്വയറിൽ സ്ഥാപിച്ച പ്രശസ്തമായ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. ഗാന്ധി ജയന്തി ദിനത്തിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിൽ ഗാന്ധി പ്രതിമയ്ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. അതേസമയം ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തിയ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അഹിംസയുടെ പാരമ്പര്യത്തിന് നേരെയുള്ള ആക്രമണമാണിതെന്ന് കുറ്റപ്പെടുത്തി.
അതേസമയം, ആക്രമണത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പൊലീസും കാംഡൻ കൗൺസിൽ അധികൃതരും അറിയിച്ചു. പ്രതിമ പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായാണ് ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്. ഈ ദിവസം ലണ്ടനിലെ ഈ പ്രതിമയ്ക്ക് മുന്നിൽ പുഷ്‌പവൃഷ്ടി നടത്തുകയും ഗാന്ധിജി ആലപിച്ചിരുന്ന ഭജന ആലപിക്കുകയും ചെയ്യാറുണ്ട്.
ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിൽ ഗാന്ധിജി നിയമം പഠിച്ചതിൻ്റെ ഓർമ്മക്കായി ഫ്രഡ ബ്രില്യൻ്റ് എന്ന ശിൽപി 1968 ലാണ് വെങ്കലത്തിൽ ഈ പ്രതിമ നിർമിച്ചത്. ലണ്ടനിൽ തന്നെ പീസ് പാർക് എന്ന വിശേഷണമുള്ള ഈ ഇടത്ത് പിന്നീട് സമാധാനത്തിൻ്റെ പ്രതീകങ്ങളും സ്ഥാപിച്ചു. ഹിരോഷിമ-നാഗസാക്കി ആണവാക്രമണത്തെ ഓർമിപ്പിച്ചുകൊണ്ട് ഒരു ചെറി തൈയും ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര സമാധാന വർഷം 1986 ൻ്റെ ഓർമയ്ക്കായി ഫീൽഡ് മേപ്പിൾ തൈയും ഇവിടെ നട്ടിട്ടുണ്ട്.