
ന്യൂഡല്‍ഹി : ബാങ്കോക്കില്‍ ജനങ്ങളെ ഭീഷണിപ്പെടുത്തിയതിനും അസ്വാഭാവികമായി പെരുമാറിയതിനും ഇന്ത്യക്കാരന്‍ പൊലീസ് പിടിയിലായി. പിസ്റ്റള്‍ ആകൃതിയിലുള്ള ലൈറ്റര്‍ ഉപയോഗിച്ചാണ് 41 കാരനായ സാഹില്‍ റാം തദാനി ആളുകളെ ഭീഷണിപ്പെടുത്തിയത്. ബാങ്കോക്കിലെ സിയാം സ്‌ക്വയറിലാണ് സംഭവം.
തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ പാത്തു വാന്‍ ജില്ലയിലെ സിയാം സ്‌ക്വയറില്‍ തദാനി വിചിത്രമായി പെരുമാറുകയായിരുന്നു. ആളുകളെ ഭീഷണിപ്പെടുത്തിയതിനും പൊതുജനങ്ങളെ ശല്യപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തു.
സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തദാനി ആളുകളെ ഭീഷണിപ്പെടുത്തി നടന്നുനീങ്ങുന്നതും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നതും തോക്കിന്റെ ആകൃതിയിലുള്ള ഒരു വസ്തു കാഴ്ചക്കാര്‍ക്ക് നേരെ ചൂണ്ടി ഭീഷണിപ്പെടുത്തുന്നതും കാണാം. സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് ആദ്യം വഴങ്ങാന്‍ കൂട്ടാക്കിയില്ല. കയ്യിലുണ്ടായിരുന്ന സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവാവ് കഞ്ചാവ് ഉപയോഗിച്ചതിനാലാണ് ഇത്തരത്തില്‍ പെരുമാറിയതെന്നാണ് അധികൃതരുടെ നിഗമനം.
Indian man arrested for terrorizing people in Bangkok with gun-shaped lighter