
വാഷിങ്ടന്‍ : യുഎസില്‍ ഇന്ത്യക്കാരനെ ക്രൂരമായി കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണു നടന്നതെന്നും, കുറ്റവാളിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാന്‍ ഉചിതമായ നിയമമാര്‍ഗങ്ങള്‍ ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
കര്‍ണാടകയില്‍നിന്നുള്ള ചന്ദ്രമൗലിയെ (നാഗമല്ലയ്യ-50) ക്യൂബ സ്വദേശി യോര്‍ദാനിസ് കോബോസ് മര്‍ടിനെസ് (37) കഴുത്തറുത്തു കൊന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ട്രംപ്. അനധികൃത ‘കുടിയേറ്റ കുറ്റവാളികളോട്’ മൃദുസമീപനം ഉണ്ടാകില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
ക്യൂബക്കാരനായ അനധികൃത കുടിയേറ്റക്കാരന്‍ നേരത്തേയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, വാഹന മോഷണം, നിയമവിരുദ്ധമായി തടവില്‍വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍ അയാള്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് അയാള്‍ പുറത്തിറങ്ങി. ഇത്തരം കുറ്റവാളികളെ യുഎസില്‍ തുടരാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
കേടായ വാഷിങ് മെഷീനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് ഇന്ത്യക്കാരനായ മോട്ടല്‍ മാനേജര്‍ ടെക്‌സസില്‍ കൊല്ലപ്പെട്ടത്. ഭാര്യയുടെയും മകന്റെയും മുന്‍പില്‍വെച്ചാണ് അരുംകൊല നടന്നത്.















