വംശീയാധിക്ഷേപം നടത്തി, സിംഗപ്പൂരില്‍ ഇന്ത്യക്കാരനെതിരെ കേസ്; നാലാഴ്ച ജയില്‍വാസവും നാലായിരം സിംഗപ്പൂര്‍ ഡോളറും ശിക്ഷ

സിംഗപ്പൂര്‍: വംശീയാധിക്ഷേപം നടത്തിയതിന് സിംഗപ്പൂരില്‍ ഇന്ത്യാക്കാരനെതിരെ കേസ്. നാലാഴ്ച ജയില്‍വാസവും നാലായിരം സിംഗപ്പൂര്‍ ഡോളറുമാണ് ശിക്ഷ വിധിച്ചത്. ഋഷി ഡേവിഡ് രമേഷ് നന്ദ്വാനി(27) എന്ന യുവാവിനെതിരെയാണ് കേസ് എടുത്തത്.

ഇയാള്‍ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിക്കുകയും കഫെയിലെ ജീവനക്കാരന്റെ സുരക്ഷയെ ബാധിക്കും വിധം പെരുമാറിയെന്നും കേസില്‍ പറയുന്നുണ്ട്. ഹോളണ്ട് ഗ്രാമത്തിലെ ഒരു വാണിജ്യസമുച്ചയത്തില്‍ ഒക്ടോബര്‍ 31നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഇവിടുത്തെ കഫെയില്‍ കുട്ടികളടക്കം ധാരാളം ആളുകള്‍ ഉണ്ടായിരുന്ന സമയമാണ് പ്രതിയുടെ അതിക്രമം നടന്നത്.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇയാള്‍ ഒരു കൗണ്ടറിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് സംഭവം. താന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള കൗണ്ടറിലാണ് നില്‍ക്കുന്നതെന്നായിരുന്നു ഇയാള്‍ കരുതിയത്. എന്നാല്‍ മറ്റൊരു വരിയിലായിരുന്നു ഇയാള്‍ നിന്നത്. കാഷ്യറുടെ അടുത്ത് എത്തി ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോള്‍ അയാളോട് മാറി നില്‍ക്കാനും അയാളുടെ അവസരം വരും വരെ കാത്ത് നില്‍ക്കാനും അവര്‍ ആവശ്യപ്പെട്ടു. ഇതോടെ കോപാകുലനായ യുവാവ് ചൈനാക്കാര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിക്കുകയായിരുന്നു.

അധിക്ഷേപത്തിന് ഇരയായ പെണ്‍കുട്ടി തന്റെ മേലധികാരിയോട് പരാതിപ്പെടാനായി എഴുന്നേറ്റപ്പോള്‍ കൗണ്ടറിലുണ്ടായിരുന്ന ടിപ് ബോക്സ് തട്ടി പെണ്‍കുട്ടിയുടെ ദേഹത്തേക്ക് ഇടുകയും ചെയ്തു. പിന്നീട് കടയില്‍ നിന്ന് പോയ ഇയാളെ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഒരു മണിക്കൂറിനകം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

More Stories from this section

family-dental
witywide