
ചെന്നൈ: ആപ്പ് സ്റ്റോറിന് പിന്നാലെ പ്ലേ സ്റ്റോറിലും ഒന്നാമതായി ഇന്ത്യന്‍ ടെക് കമ്പനിയായ സോഹോയുടെ മെസേജിംഗ് ആപ്പായ അറട്ടൈ. അടുത്തിടെ ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിൽ ഒന്നാമതെത്തിയ അറട്ടെെ ഇപ്പോള്‍ ഗൂഗിൾ പ്ലേ സ്റ്റോറിലെ ചാർട്ടുകളിലും ഒന്നാമതെത്തിയിരിക്കുകയാണ്. സൗജന്യ ആപ്പുകളുടെ പട്ടികയിലാണ് അറട്ടൈയുടെ നേട്ടം.
ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോർപ്പറേഷനാണ് സൗജന്യമായി ഉപയോഗിക്കാവുന്ന ഒരു ക്രോസ്-പ്ലാറ്റ്‌ഫോം ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പായ അറട്ടൈ വികസിപ്പിച്ചിരിക്കുന്നത്. ടെക്സ്റ്റ്, വോയ്‌സ് മെസേജിംഗ്, ഓഡിയോ, വീഡിയോ കോളുകൾ, മീഡിയ ഷെയറിംഗ്, സ്റ്റോറി പോസ്റ്റിംഗ്, ഗ്രൂപ്പ് ചാറ്റുകൾ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകൾ അറട്ടൈ ആപ്പിൽ ഉണ്ട്. സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഡെസ്‌ക്‌ടോപ്പുകൾ തുടങ്ങിയ ഉപകരണങ്ങളിൽ പ്രവർത്തിക്കുന്ന ഈ ആപ്പിൻ്റെ അക്കൗണ്ടിലേക്ക് അഞ്ച് ഉപകരണങ്ങൾ വരെ ലിങ്ക് ചെയ്യാനും സാധിക്കും.
അറട്ടൈ ആപ്പ്, പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഒന്നാമതെത്തിയത് വലിയ നേട്ടമാണെന്നും ഇതിലേക്ക് നയിച്ച എല്ലാ യൂസര്‍മാര്‍ക്കും നന്ദി അറിയിക്കുന്നതായും അറട്ടൈ അധികൃതര്‍ എക്‌സില്‍ കുറിച്ചു. അതേസമയം, പലരും ഈ ട്വീറ്റിന് താഴെ അറട്ടൈയിലെ ചാറ്റുകളില്‍ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഇല്ലാത്തത് പ്രശ്‌നമായി ചൂണ്ടിക്കാട്ടി.