
മുംബൈ: റഷ്യൻ എണ്ണ ഇറക്കുമതിയിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ഇന്ത്യൻ എണ്ണക്കമ്പനികൾ പുതിയ തന്ത്രങ്ങൾ പയറ്റുന്നു. പ്രധാനമായും ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള റഷ്യൻ കമ്പനികളെ ഒഴിവാക്കി മറ്റ് വിതരണക്കാരുമായി സഹകരിക്കാനാണ് ഇന്ത്യൻ കമ്പനികളുടെ നീക്കം.
റിലയൻസ് ഇൻഡസ്ട്രീസ് പോലുള്ള സ്വകാര്യ കമ്പനികൾ ഉപരോധപ്പട്ടികയിൽ ഇല്ലാത്ത റഷ്യൻ വിതരണക്കാരിൽ നിന്നും ഇടനിലക്കാരിൽ നിന്നും എണ്ണ വാങ്ങാൻ കരാറിലേർപ്പെട്ടിട്ടുണ്ട്. റിലയൻസ് തങ്ങളുടെ കയറ്റുമതി കേന്ദ്രീകൃതമായ റിഫൈനറികൾക്ക് പകരം ആഭ്യന്തര ആവശ്യങ്ങൾക്കുള്ള റിഫൈനറികളിലേക്ക് റഷ്യൻ എണ്ണ തിരിച്ചുവിട്ടു. ഇത് യൂറോപ്യൻ യൂണിയനിലേക്കുള്ള ഇന്ധന കയറ്റുമതി തടസ്സമില്ലാതെ തുടരാൻ അവരെ സഹായിക്കുന്നു.
ഉപരോധം ശക്തമായതോടെ റഷ്യക്ക് പുറമെ സൗദി അറേബ്യ, ഇറാഖ്, യുഎസ്, ബ്രസീൽ, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യൻ കമ്പനികൾ വർദ്ധിപ്പിച്ചു. മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങളുടെ ഇൻഷുറൻസോ ഫ്ലാഗോ ഇല്ലാത്ത “ഷാഡോ ഫ്ലീറ്റ്” (Shadow Fleet) എന്നറിയപ്പെടുന്ന കപ്പലുകൾ വഴിയാണ് റഷ്യൻ എണ്ണയുടെ പകുതിയോളം ഇപ്പോൾ ഇന്ത്യയിലെത്തുന്നത്.
പേയ്‌മെന്റ് രീതികളിലും കാര്യമായ മാറ്റം വരുത്തിയും ഇന്ത്യ പരീക്ഷണാർത്ഥം ചില നീക്കങ്ങൾ നടത്തുന്നുണ്ട്. ഡോളറിന് പകരമായി റൂബിൾ, യുവാൻ തുടങ്ങിയ കറൻസികളിൽ പണം നൽകുന്ന രീതിയാണ് കമ്പനികൾ പരീക്ഷിക്കുന്നത്.
യുഎസ് ഉപരോധത്തെത്തുടർന്ന് ഡിസംബറിലെ ഇറക്കുമതിയിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും, പുതിയ നീക്കങ്ങളിൽ പ്രതീക്ഷ ഏറെയാണ്. ജനുവരിയോടെ എണ്ണ ലഭ്യത സാധാരണ നിലയിലാക്കാൻ കഴിയുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.
റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങുന്നത് തുടരുന്നതിന് പ്രതികാരമായി ഓഗസ്റ്റിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ യുഎസ് 25% അധിക താരിഫ് ചുമത്തി. ജൂലൈയിൽ, റഷ്യ 50 ദിവസത്തിനുള്ളിൽ വെടിനിർത്തലിന് തയ്യാറായില്ലെങ്കിൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100% താരിഫും സെക്കൻഡറി ഉപരോധങ്ങളും ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
Indian oil companies are devising new strategies to circumvent US sanctions on Russian oil imports.















