
ന്യൂഡല്‍ഹി : ആവശ്യത്തിന് ഇന്ധനം കൈവശമുണ്ടെന്നും ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമുള്ള മുന്നറിയിപ്പുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ഇന്ത്യന്‍ ഓയിലിന് രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധനശേഖരമുണ്ടെന്നും വിതരണ ശൃംഖലകളും സുഗമമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മുന്നറിയിപ്പിലുണ്ട്.
ജനം പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടേണ്ടതില്ലെന്നും ഇന്ധനവും എല്‍ പി ജിയും ഐ ഒ സിയുടെ എല്ലാ വില്‍പനകേന്ദ്രങ്ങളിലും ലഭ്യമാണെന്നും ഐഒസി എക്സിലൂടെ മുന്നറിയിപ്പ് നല്‍കി. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയിലുണ്ടായേക്കാവുന്ന ആശങ്ക കണക്കിലെടുത്താണ് ഐ ഒ സിയുടെ നീക്കം. ഉപഭോക്താക്കള്‍ അനാവശ്യ തിരക്ക് ഒഴിവാക്കുകയും സമാധാനം പാലിക്കുകയും വേണമെന്നും ഐ ഒ സി വ്യക്തമാക്കി.
പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ സംഘര്‍ഷാവസ്ഥ രാജ്യത്തെ ജനങ്ങളില്‍ പരിഭ്രാന്തിപരത്തിത്തുടങ്ങിയിട്ടുണ്ട്. അതിനിടെ സമൂഹ മാധ്യമങ്ങള്‍ വഴി അവശ്യ സാധനങ്ങളും മരുന്നും ഉള്‍പ്പെടെ ശേഖരിച്ചുവയ്ക്കാന്‍ നിര്‍ദേശിക്കുന്ന സര്‍ക്കാരിന്റെ പേരിലുള്ള വ്യാജ സന്ദേശങ്ങളും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.