
വാഷിംഗ്ടണ്‍: യുഎസിലെ ടെക്‌സസിലുള്ള ഓസ്റ്റിനടുത്ത് ബസില്‍ വെച്ച് ഇന്ത്യന്‍ വംശജനായ ഒരു സംരംഭകനെ മറ്റൊരു ഇന്ത്യക്കാരന്‍ മാരകമായി കുത്തിക്കൊലപ്പെടുത്തി. അക്ഷയ് ഗുപ്തയെന്ന 30 കാരനാണ് കൊല്ലപ്പെട്ടത്. ബസിന്റെ പിന്‍സീറ്റില്‍ ഇരിക്കുമ്പോള്‍ അക്ഷയ്‌യെ ദീപക് കണ്ടേല്‍(31) എന്ന യുവാവാണ് പ്രകോപനമില്ലാതെ ആക്രമിച്ചതെന്ന് ഓസ്റ്റിന്‍ പൊലീസ് വകുപ്പ് പറഞ്ഞു.
മെയ് 14 ന് വൈകുന്നേരമായിരുന്നു സംഭവം. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍, ശരീരത്തില്‍ പരുക്കേറ്റ നിലയില്‍ അക്ഷയ് ഗുപ്തയെ കണ്ടെത്തി. ഇയാളുടെ കഴുത്തിലാണ് കുത്തേറ്റത്.
ബസില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ക്രൂരകൃത്യം ചെയ്തത് ദീപക് ആണെന്ന് പൊലീസ് കണ്ടെത്തിയത്. ബസില്‍ നിന്നും ഇറങ്ങി രക്ഷപെട്ട ഇയാളെ വൈകാതെ പൊലീസ് പിടികൂടി. അക്ഷയ് ഗുപ്ത തന്റെ അമ്മാവനെപ്പോലെ തോന്നിയതിനാലാണ് കുത്തിയതെന്ന വിചിത്രവാദമാണ് പ്രതി പൊലീസിനോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.