
വാഷിങ്ടൺ: അമേരിക്കയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഇന്ത്യൻ വംശജയും. അമേരിക്കയുടെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) തിരയുന്ന 10 പ്രധാന കുറ്റവാളികളുടെ പട്ടികയിലാണ് ആറു വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷിക്കുന്ന ഇന്ത്യൻ വംശജ സിൻഡി റോഡ്രിഗസ് സിങ്ങ് (40) ഉൾപ്പെട്ടിട്ടുള്ളത്. എഫ്ബിഐ കേസിൽ കുറ്റാരോപിതയായ 40-കാരിയെക്കുറിച്ച് വിവരം നൽകുന്നവർക്കുള്ള പ്രതിഫലത്തുക 2,14,21,000 രൂപയായി (250,000 ഡോളർ) വർധിപ്പിച്ചിട്ടുണ്ട്.
ആറു വയസുകാരനായ മെക്‌സിക്കൻ വംശജനായ മകൻ നോയൽ അൽവാരസിനെ 2023-ലാണ് അമ്മ സിൻഡി റോഡ്രിഗസ് സിങ്ങ് കൊലപ്പെടുത്തിയത്. 2023 മാർച്ച് 22-ന് ടെക്സസിൽവെച്ച് സിൻഡി റോഡ്രിഗസിനെ കണ്ടതായാണ് പൊലീസിന് കിട്ടിയ അവസാന വിവരം. ഇന്ത്യയിലേക്കുള്ള ഒരു അന്താരാഷ്ട്ര വിമാനത്തിൽ സിൻഡിയും ഭർത്താവ് അർഷ്‌ദീപ് സിങ്ങും ആറ് കുട്ടികളും കയറിയെന്നും ഈ സമയം നോയൽ ഇവർക്കൊപ്പമില്ലായിരുന്നു എന്നും അധികൃതർ പറയുന്നു. ആറു വയസുകാരൻ നോയലിനെ കാണിനില്ലെന്ന വാർത്ത പുറത്തുവരുന്നത് 2023 മാർച്ചിലാണ്. എന്നാൽ അമ്മയായ സിൻഡി റോഡ്രിഗസ് സിങ് കുട്ടിയുടെ ശരീരത്തിൽ പ്രേതബാധയുണ്ടെന്ന് ആരോപിച്ച് അവനെ സൂപ്പർ മാർക്കറ്റിൽ വച്ച് മറ്റൊരു സ്ത്രീക്ക് വിൽക്കുകയായിരുന്നു എന്ന് കണ്ടെത്തി. സിൻഡിക്ക് നോയലിന് ശേഷം പിറന്ന രണ്ട് ഇരട്ടക്കുട്ടികളെ ഉപദ്രവിക്കുമെന്നും നോയലിന് പ്രേതബാധയാണെന്നും ഇവർ വിശ്വസിച്ചിരുന്നു.
കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുമ്പോഴെല്ലാം കുട്ടി അവന്റെ മെക്സിക്കൻ സ്വദേശിയായ അച്ഛന്റെ കൂടെയാണ് എന്നാണ് താൻ വിശ്വസിച്ചിരുന്നതെന്ന് സിൻഡി പോലീസിന് മൊഴി നൽകിയത്. എന്നാൽ സിൻഡിയുടെ ബന്ധു തന്നെയാണ് കുട്ടിയെ വിറ്റു എന്ന വിവരവും വിൽക്കുന്നതിന് മുൻപ് നിരന്തരമായി കുട്ടിയെ ദേഹോപദ്രവം ചെയ്യുകയും പല ദിവസങ്ങളിലും വെള്ളവും ഭക്ഷണവും നിഷേധിക്കാറുണ്ടന്നും പൊലീസിന് മൊഴി നൽകിയത്. കുട്ടിയുടെ വസ്ത്രങ്ങൾ മാറ്റാൻ പോലും സിൻഡി താത്പര്യപ്പെട്ടിരുന്നില്ല. ഭക്ഷണം വസ്ത്രത്തിൽ ആവുന്നതിനാലാണ് കുട്ടിക്ക് ഭക്ഷണം നിഷേധിച്ചിരുന്നതെന്നും പറഞ്ഞു. 2022 ഒക്ടോബറിലാണ് അവസാനമായി അമ്മയുടേയും രണ്ടാനച്ഛന്റേയും കൂടെ കഴിഞ്ഞിരുന്ന കുഞ്ഞിനെ ഇവർക്കൊപ്പം കണ്ടത്.
എന്നാൽ, 2023 മാർച്ചിലാണ് കുട്ടിയെ കാണാതായെന്ന് കുടുംബം പരാതി നൽകുന്നത്. തുടർന്ന് സിൻഡിയും രണ്ടാം ഭർത്താവും മറ്റ് കുട്ടികൾക്കൊപ്പം ഇന്ത്യയിലേക്ക് കടന്നെന്നാണ് വിവരം. കുട്ടി പിതാവിനൊപ്പം മെക്‌സിക്കോയിൽ കഴിയുകയാണെന്നാണ് സിൻഡി റോഡ്രിഗസ് പോലീസിന് നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞത്. എന്നാൽ, കുട്ടി പിറക്കുന്നതിന് മുൻപു തന്നെ താൻ നാടുകടത്തപ്പെട്ടിരുന്നു എന്ന കുട്ടിയുടെ പിതാവിൻ്റെ വാദം സത്യമാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് നോയൽ റോഡ്രിഗസ് മരിച്ചിരിക്കാമെന്നും ഇനി അന്വേഷണം ആ നിലയിൽ ആയിരിക്കുമെന്നും എവർമാൻ പൊലീസ് ചീഫ് ക്രെയ്‌ഗ് സ്പെൻസർ അറിയിച്ചു. പൊലീസും എഫ്ബിഐയും ഡിപ്പാർട്മെന്റ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയും കരുതുന്നത് സിൻഡിയും അർഷ് ദീപ് സിങ്ങും ഇന്ത്യയിലുണ്ട് എന്നാണ്.