
ലണ്ടന്‍ : പ്രസവവേളയില്‍ യുവതിയോട് മോശമായി പെരുമാറി എന്നതടക്കമുള്ള പെരുമാറ്റ ദൂഷ്യങ്ങള്‍ പ്രകടിപ്പിച്ച ഇന്ത്യന്‍ വംശജയായ ഗൈനക്കോളജിസ്റ്റിനെ യുകെയില്‍ സസ്‌പെന്‍ഡ് ചെയ്തു. സൗത്ത് ലണ്ടനിലെ മിച്ചം സ്വദേശി ഡോ. പ്രമീള തമ്പി(62)യെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിസേറിയന്‍ ആവശ്യപ്പെട്ട യുവതിക്ക് പ്രമീള തമ്പി അത് നിഷേധിച്ചുവെന്നും പ്രസവവേളയില്‍ യുവതിയെ പരിഹസിച്ചു എന്നുമാണ് പ്രമീള തമ്പിക്കെതിരെ കണ്ടെത്തിയ കുറ്റങ്ങള്‍.
സംഭവം നടന്നത് 2016 ഒക്ടോബറില്‍ മില്‍ട്ടണ്‍ കെയ്ന്‍സ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലായിരുന്നു. പ്രത്യേകതരം ന്യൂറോമസ്‌കുലര്‍ കണ്ടീഷനുള്ള പൂര്‍ണ ഗര്‍ഭിണിയായ യുവതിയുടെ പ്രസവം ഫോര്‍സ്പ് ഉപയോഗിച്ച് എടുക്കുന്നതിനാണ് പ്രമീള ശ്രമിച്ചത്. ഇത് കുട്ടിയുടെ തലയിലും മുഖത്തും പരുക്കിന് കാരണമായെന്ന് മാത്രമല്ല തനിക്ക് മാനസിക ആഘാതവും സൃഷ്ടിച്ചെന്നാണ് യുവതിയുടെ പരാതി. മോശം പെരുമാറ്റം, രോഗിയുടെ സമ്മതപത്രം നേടുന്നതില്‍ വീഴ്ച്ച എന്നീ കുറ്റങ്ങളാണ് പ്രമീള തമ്പി നടത്തിയതെന്ന് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.