യുകെയില്‍ ഇത് പുതു ചരിത്രം…റോയല്‍ നേവിയുടെ ആദ്യത്തെ ഹിന്ദു ചാപ്ലെയിന്‍ ആയി ഇന്ത്യന്‍ വംശജന്‍, വലിയ ബഹുമതിയെന്ന് പ്രതികരണം

ലണ്ടന്‍: ഇന്ത്യയില്‍ വളര്‍ന്ന ഹിന്ദുമതപണ്ഡിതന്‍ ബ്രിട്ടീഷ് റോയല്‍ നേവിയുടെ ആദ്യത്തെ ഹിന്ദു ചാപ്ലെയിന്‍ ആയി നിയമിതനായി. ഭാനു അത്രി (39)ക്കാണ് ഈ സുപ്രധാന നിയോഗം ലഭിച്ചത്. ബ്രിട്ടീഷ് നാവിക സേനയിലെ സൈനികരുടെ മാനസിക പിരിമുറക്കം കുറയ്ക്കാനുള്ള ദൗത്യവുമായാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുക.

ചാപ്ലെയിന്‍ എന്നാല്‍ ഒരു പള്ളിയിലോ സൈനിക വിഭാഗത്തിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ആത്മീയ ശുശ്രൂഷകള്‍ നല്‍കുന്ന വ്യക്തിയാണ്. പ്രധാനമായും സൈനിക മേഖലയിലാണ് ചാപ്ലെയിന്‍ തസ്തിക കാണാനാകുക. സൈനികരുടെ മാനസികാരോഗ്യത്തിനും പിരിമുറുക്കം കുറയ്ക്കുന്നതിനും ആശ്വാസത്തിനും വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിക്കുക. അതാണ് അവരുടെ പ്രധാന ജോലി.

ഹിമാചല്‍ പ്രദേശില്‍ വളര്‍ന്നെങ്കിലും ഇപ്പോള്‍ എസെക്‌സില്‍ താമസിക്കുന്ന ഭാനു കഴിഞ്ഞയാഴ്ച ഡാര്‍ട്ട്മൗത്തിലെ ബ്രിട്ടാനിയ റോയല്‍ നേവല്‍ കോളേജില്‍ നിന്ന് ഔപചാരികമായി ചാപ്ലെയ്ന്‍ കോഴ്‌സ് പാസായി. റോയല്‍ നേവിയുടെ ആദ്യത്തെ ക്രിസ്ത്യന്‍ അല്ലാത്ത ചാപ്ലെയിന്‍ എന്ന ചരിത്രപരമായ പദവിയാണ് ഭാനുവിനുള്ളത്. ബ്രിട്ടാനിയ റോയല്‍ നേവല്‍ കോളേജില്‍ നിന്ന് പാസായ രണ്ട് ചാപ്ലെയിന്‍മാരില്‍ ഒരാളും 148 പുതിയ റോയല്‍ നേവി ഓഫീസര്‍മാരില്‍ ഒരാളുമാണ് ഭാനു. മാത്രമല്ല, ലണ്ടനില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന്റെ നടത്തിപ്പുകാരനായ ഹിന്ദു പുരോഹിതനെന്ന നിലയില്‍ ഇദ്ദേഹത്തിന് പതിറ്റാണ്ടുകളുടെ പരിചയവുമുണ്ട്.

റോയല്‍ നേവിയില്‍ ഏകദേശം 40 ഹിന്ദു ഉദ്യോഗസ്ഥരും മാരിടൈം റിസര്‍വുകളില്‍ 30 പേരും മുഴുവന്‍ സമയവും സേവനമനുഷ്ഠിക്കുന്നതായാണ് റിപ്പോര്‍ട്ട്. യുകെ മിലിട്ടറിയില്‍, മൊത്തത്തില്‍, 1,550 ല്‍ അധികം ഹിന്ദുക്കള്‍ മുഴുവന്‍ സമയവും സേവനമനുഷ്ഠിക്കുന്നു. ഇവരിലധികവും സൈന്യത്തിലാണ്.

ഡെവോണ്‍പോര്‍ട്ട് നാവിക താവളത്തിലും പരിസരത്തും കരയിലും കടലിലും പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ക്ക് സേവനം നല്‍കുക എന്നതാണ് ഭാനുവിന്റെ പ്രധാന ദൗത്യം. ”ബ്രിട്ടാനിയ റോയല്‍ നേവല്‍ കോളേജില്‍ നിന്ന് കപ്പലിലെ ആദ്യത്തെ ഹിന്ദു ചാപ്ലെയിനായി പാസായിരിക്കുന്നത് ഒരു വലിയ ബഹുമതിയാണ്,” ഭാനു പറഞ്ഞു. ”മറ്റ് വൈവിധ്യമാര്‍ന്ന മതങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്കും ആശ്വാസം പകരാനുള്ള അവസരം ഹിന്ദു സമൂഹത്തിന് അര്‍ത്ഥവത്തായ പ്രാതിനിധ്യം നല്‍കുന്നു, കൂടാതെ എല്ലാവര്‍ക്കും ആത്മീയ പരിചരണം എന്നതിനോടുള്ള നാവികസേനയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. എന്റെ കുടുംബത്തിന് വളരെയധികം അഭിമാനം തോന്നുന്നു.”- ഭാനു കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide