
ന്യൂഡൽഹി : കാനഡയിലെ എഡ്മിന്റനിൽ കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ ഇന്ത്യൻ വംശജൻ ചികിത്സ ലഭിക്കാതെ മരിച്ച സംഭവം വലിയ പ്രതിഷേധത്തിലേക്ക്. ചാർട്ടേഡ് അക്കൗണ്ടന്റായ പ്രശാന്ത് ശ്രീകുമാറാ (44)ണ് എഡ്മിന്റനിലെ ഗ്രേ നൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ (Grey Nuns Community Hospital) വെച്ച് മരണപ്പെട്ടത്.
അതിശക്തമായ നെഞ്ചുവേദനയുമായി എമർജൻസി വിഭാഗത്തിലെത്തിയ ഇദ്ദേഹം എട്ട് മണിക്കൂറിലധികം ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വന്നതായി ബന്ധുക്കളും സാക്ഷികളും ആരോപിക്കുന്നു. കാത്തിരിപ്പിനിടയിൽ കാഴ്ച മങ്ങുന്നതായും അസ്വസ്ഥതകളുള്ളതായും അദ്ദേഹം അറിയിച്ചിരുന്നെങ്കിലും ടൈലനോൾ (Tylenol) മാത്രമാണ് നൽകിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. വേദന കൊണ്ട് തറയിൽ കിടന്ന അദ്ദേഹത്തോട് മറ്റ് രോഗികളുടെ സ്വകാര്യതയെ മുൻനിർത്തി അവിടെ നിന്ന് മാറാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.
ഒടുവിൽ ചികിത്സയ്ക്കായി അകത്തേക്ക് വിളിച്ച നിമിഷം തന്നെ അദ്ദേഹം കുഴഞ്ഞുവീഴുകയും ഹൃദയസ്തംഭനം മൂലം മരണം സംഭവിക്കുകയുമായിരുന്നു. എഡ്മിന്റനിലെ ആരോഗ്യമേഖലയിലെ ജീവനക്കാരുടെ കുറവും നീണ്ട കാത്തിരിപ്പ് സമയവും വലിയ തോതിലുള്ള ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കുടുംബവും പ്രാദേശിക ഇന്ത്യൻ സമൂഹവും ആവശ്യപ്പെട്ടു.
ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് പ്രശാന്തിന്റെ കുടുംബം. കാനഡയിലെ ആശുപത്രികളിലെ അടിയന്തര ചികിത്സാ വിഭാഗങ്ങളിലെ വലിയ തിരക്കും കാലതാമസവും ഈ സംഭവത്തിലൂടെ വീണ്ടും ചർച്ചയായിരിക്കുകയാണ്.
Indian-origin man dies in Canadian hospital after suffering chest pain; huge protest















