ട്രംപിൻ്റെ H- 1 B വിസ നയങ്ങൾക്കിടയിലും അമേരിക്കൻ കമ്പനികളുടെ നേതൃസ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യൻ വംശജർ ; സിഇഓമാരായി ശ്രീനിവാസ് ഗോപാലനും രാഹുൽ ഗോയലും

വാഷിംങ്ടൺ ∙ അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് നേതൃത്വത്തിലുള്ള ഭരണകൂടം വിദേശ തൊഴിലാളികൾക്കുള്ള H-1B വിസ സംബന്ധിച്ച നിയമങ്ങൾ കൂടുതൽ കടുപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും സിഇഒ സ്ഥാനത്തേക്ക് ഇന്ത്യൻ വംശജരെ ഉയർത്തി അമേരിക്കയിലെ രണ്ട് പ്രമുഖ കമ്പനികൾ.

അമേരിക്കയിലെ ടെലികോം ഭീമനായ ടി-മൊബൈൽ (T-Mobile) കമ്പനി ഇന്ത്യൻ വംശജനായ ശ്രീനിവാസ് ഗോപാലനെ (55) കമ്പനിയുടെ പുതിയ സിഇഒ ആയി നിയമിച്ചു. നവംബർ ഒന്ന് മുതൽ അദ്ദേഹം ചുമതലയേൽക്കും. അഹമ്മദാബാദ് ഐ.ഐ.എം ൽ നിന്ന് പാസായ ശ്രീനിവാസ് ഗോപാലൻ നിലവിൽ ടി- മൊബെലിൻ്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (COO) ആയി സേവനം അനുഷ്ഠിക്കുകയാണ്. 2020 മുതൽ കമ്പനിയെ നയിച്ച മൈക്ക് സിവർട്ട് വൈസ് ചെയർമാൻ പദവിയിലേക്ക് മാറുന്ന ഒഴിവിലേക്കാണ് ശ്രീനിവാസ് ഗോപാലൻ എത്തുന്നത്.

കൂടാതെ, ഷിക്കാഗോയിൽ ആസ്ഥാനമുള്ള മോൾസൺ കോർസ് (Molson Coors) കമ്പനി ഇന്ത്യൻ വംശജനായ രാഹുൽ ഗോയലിനെ (49 വയസ്സ്) തങ്ങളുടെ പ്രസിഡന്റും സിഇഓയുമായി നിയമിച്ചു. ഒക്ടോബർ 1 മുതൽ പുതിയ സ്ഥാനത്ത് ചുമതലയേൽക്കും. നിലവിലെ സിഇഓ ആയ ഗാവിൻ ഹാറ്റേഴ്സ്ലി കമ്പനിയുടെ ഉപദേശക സ്ഥാനത്ത് തുടരും. രാഹുൽ ഗോയൽ 24 വർഷമായി ഈ കമ്പനിയിൽ പ്രവർത്തിച്ചു വരികയാണ്. ഇന്ത്യയിലെ മൈസൂരിൽ എഞ്ചിനിയറിംഗ് പഠനം നടത്തി, പിന്നീട് ബിസിനസ് പഠനത്തിനായി അമേരിക്കയിലെ ഡെൻവറിലേക്ക് പോയ അദ്ദേഹം, യു.എസ്., യു.കെ., ഇന്ത്യ എന്നീ രാജ്യങ്ങളിലെ കോർസും മോൾസൺ ബ്രാൻഡുകളുമായി പ്രവർത്തിച്ചിട്ടുണ്ട്.

മാഗാ (Make America Great Again) വാദികൾ വിദേശ തൊഴിലാളികളെ ‘അമേരിക്കൻ ജോലികൾ കവരുന്ന ആഗോളവാദികൾ’ എന്ന് ചിത്രീകരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിയമനങ്ങൾ. എന്നിരുന്നാലും, സത്യ നടേല്ല (Microsoft), സുന്ദർ പിച്ചൈ (Alphabet) തുടങ്ങിയ പ്രമുഖ ഇന്ത്യൻ വംശജന്മക്കാരുടെ പിന്തുടർച്ചയായാണ് ശ്രീനിവാസ് ഗോപാലനും രാഹുൽ ഗോയലും അമേരിക്കൻ കോർപ്പറേറ്റ് രംഗത്തെ ഉന്നത പദവികളിലേക്ക് എത്തുന്നത്.

More Stories from this section

family-dental
witywide