കാലിഫോർണിയ: മംദാനിയ്ക്ക് പിന്നാലെ യുഎസിൽ മേയറായി മറ്റൊരു ഇന്ത്യൻ വംശജ. യുഎസിലെ കാലിഫോർണിയയിലുള്ള സാൻ കാർലോസ് നഗരത്തിന്റെ മേയറായി ഇന്ത്യൻ വംശജയായ പ്രണിത വെങ്കിടേഷിനെ തെരഞ്ഞെടുത്തു. അമേരിക്കയിൽ ഇന്ത്യൻ വംശജരായ നേതാക്കളുടെ സമീപകാല തിരഞ്ഞെടുപ്പ് വിജയങ്ങളിൽ ഒടുവിലത്തേതാണ് പ്രണിതയുടെ ഈ വിജയം. സിറ്റി കൗൺസിലിന്റെ്റെ ഏകകണ്‌ഠമായ വോട്ടോടെ ഡിസംബർ എട്ടിനാണ് പ്രണിത നഗരത്തിന്റെ മേയറായി സത്യപ്രതിജ്ഞ ചെയ്തത്. നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർമാരിൽ ഒരാളാണ് പ്രണിത.
‘സാൻ കാർലോസിനായുള്ള എന്റെ മുൻഗണനകൾ പൊതുസുരക്ഷ, ശിശു സംരക്ഷണം, സാമ്പത്തിക സ്ഥിരത, അടിസ്ഥാന സൗകര്യങ്ങൾ, താങ്ങാനാവുന്ന പാർപ്പിടം എന്നിവയാണ്.’ പ്രാദേശിക വാർത്താ ഏജൻസിയായ സ്‌ട്ട് സ്പനോട് സംസാരിക്കവൈ പ്രണിത പറഞ്ഞു. ഫിജിയിൽ ജനിച്ച ഇന്ത്യൻ വംശജയായ അമേരിക്കൻ കമ്മ്യൂണിറ്റി നേതാവാണ് പ്രണിത. ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് ഒപ്പം ഫിജിയിൽ നിന്ന് നാലാം വയസ്സിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് മാറിയത്.

കാലിഫോർണിയയിൽ വളർന്ന പ്രണിത നോത്രെ ദാം ഡി നമൂർ യൂണിവേഴ്സിറ്റിയിൽനിന്ന് ബാച്ചിലർ ബിരുദവും ശിശുവികസനത്തിലും ക്ലിനിക്കൽ സൈക്കോളജിയിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പൊതുസേവന രംഗത്ത് പ്രവേശിക്കുന്നതിന് മുമ്പ്, ഈസ്റ്റ് പാളോ ആൾട്ടോയിൽ ചൈൽഡ് സൈക്കോളജിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. സാൻ കാർലോസിലെ ഒരു ചെറുകിട ബിസിനസ്സ് ഉടമ കൂടിയാണ് പ്രണിത. അവിടെ മോണ്ടിസോറി പ്രീ സ്‌കൂൾ നടത്തുന്നുണ്ട്.
2022-ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയോടെയാണ് ആദ്യമായി സാൻ കാർലോസ് സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പ്രാദേശിക സാമ്പത്തിക വളർച്ച മുതൽ ചെറുകിട ബിസിനസ്സ് പിന്തുണ വരെയുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന നഗരത്തിന്റെ സാമ്പത്തിക വികസന ഉപദേശക കമ്മീഷനിൽ മൂന്നു വർഷം പ്രവർത്തന പരിചയവുമുണ്ട്.
സിലിക്കൺ വാലിക്കടുത്തുള്ള സാൻ മാറ്റിയോ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന, ‘സിറ്റി ഓഫ് ഗുഡ് ലിവിംഗ്’ എന്നറിയപ്പെടുന്ന സാൻ കാർലോസിൽ 28,000 ആണ് ജനസംഖ്യ. കാലിഫോർണിയയിലെ മേയർ തിരഞ്ഞെടുപ്പിലെ അവരുടെ വിജയം പ്രാദേശിക ഇന്ത്യൻ പ്രവാസികളുടെയും ഫിജി കമ്മ്യൂണിറ്റികളുടെയും ഇടയിൽ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
Indian-origin Pranitha Venkatesh becomes mayor of San Carlos in US after Mandani















