ന്യൂയോര്‍ക്ക്: ആപ്പിളിന്റെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി (സിഒഒ) ഇന്ത്യന്‍ വംശജൻ സാബിഹ് ഖാൻ. നിലവില്‍ കമ്പനിയുടെ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന അമേരിക്കകാരനായ സാബിഹ് ഖാൻ മൂന്ന് പതിറ്റാണ്ടായി ആപ്പിളിന്റെ ഭാഗമാണ്. സിഒഒ ആയ ജെഫ് വില്യംസ് ഈ മാസം അവസാനം സ്ഥാനം ഒഴിയുന്ന ഒഴിവിലേക്കാണ് സാബിഹ് ഖാനെ നിയമിക്കുന്നത്.
1966-ല്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദലാണ് സാബിഹ് ഖാന്‍ ജനിച്ചത്. 10-ാം വയസ്സില്‍ സിംഗപ്പൂരിലേക്ക് താമസം മാറിയ സാബിഹ് ഖാന്‍ അവിടെ ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ചേരുകയും സാമ്പത്തിക ശാസ്ത്രത്തിലും മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടുകയും ചെയ്തു. പിന്നീട് റെന്‍സീലര്‍ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.ജിഇ പ്ലാസ്റ്റിക്‌സിൽ അപ്ലിക്കേഷൻസ് ഡെവലപ്മെൻ്റ് എഞ്ചിനീയറും കീ അക്കൗണ്ടൻ്റ് ടെക്നിക്കൽ ലീഡറുമായാണ് സാബിഹ് ഖാന്‍ തൻ്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. തുടർന്ന് 1995ലാണ് സാബിഹ് ഖാന്‍ ആപ്പിളില്‍ എത്തുന്നത്.
30 വര്‍ഷത്തെ സേവനത്തിനിടെ, ആപ്പിളിന്റെ ആഗോള വിതരണ ശൃംഖല രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. 2019ൽ കമ്പനി ഓപ്പറേഷന്‍സിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി. ആപ്പിളിൻ്റെ ആസൂത്രണം, സംഭരണം, നിര്‍മ്മാണം, ലോജിസ്റ്റിക്സ് തുടങ്ങി വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തതിന് പുറമേ ഉല്‍പ്പന്ന ഗുണനിലവാരത്തിന്റെ ചുമതലയും സാബിഹ് ഖാന്‍ വഹിച്ചിട്ടുണ്ട്. നേരത്തെ ആപ്പിളിന്റെ കാര്‍ബണ്‍ ബഹിര്‍ഗമനം 60 ശതമാനത്തിലധികം കുറച്ചതിന് സാബിഹ് ഖാനെ ടിം കുക്ക് അഭിനന്ദിച്ചിട്ടുണ്ട്.
ബുദ്ധിമാനായ തന്ത്രജ്ഞനും ആപ്പിളിന്റെ വിതരണ ശൃംഖലയുടെ കേന്ദ്ര ശില്പികളില്‍ ഒരാളുമായാണ് സാബിഹ് ഖാനെ ആപ്പിള്‍ സിഇഒ ടിം കുക്ക് വിശേഷിപ്പിച്ചത്. പുതിയ പദവി വഹിക്കാന്‍ പോകുന്ന സാബിഹ് ഖാനെ പ്രശംസിച്ച ടിം കുക്ക് ‘സാബിഹ് മൂല്യങ്ങളില്‍ അധിഷ്ഠിതമായി നയിക്കുന്നു, അദ്ദേഹം ഒരു അസാധാരണ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരിക്കുമെന്ന് പറഞ്ഞു.










