ടൊറന്റോ : കാനഡയിലെ ടൊറന്റോ സർവ്വകലാശാലയ്ക്ക് സമീപം ഇന്ത്യൻ വിദ്യാർത്ഥി ശിവാങ്ക് അവസ്തി വെടിയേറ്റ് കൊല്ലപ്പെട്ടു. 20 വയസ്സുകാരനായ പിഎച്ച്‌ഡി വിദ്യാർത്ഥിയായ ശിവാങ്ക് ടൊറന്റോ സർവ്വകലാശാലയുടെ സ്കാർബറോ കാമ്പസിന് സമീപത്ത് വെച്ചാണ് കൊല്ലപ്പെട്ടത് സംഭവസ്ഥലത്ത് വെച്ച് തന്നെ ശിവാങ്ക് മരിച്ചു.
സംഭവത്തിൽ പ്രതികൾ പൊലീസെത്തും മുൻപ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രതികളെ കണ്ടെത്താനായി പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പ്രതികളെക്കുറിച്ചുള്ള സൂചനകൾക്കായി പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
അതേസമയം, ശിവാങ്ക് അവസ്തിയുടെ കൊലപാതകത്തിൽ ഇന്ത്യ അതീവ ദുഃഖം രേഖപ്പെടുത്തി. ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിദ്യാർത്ഥിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അറിയിച്ചു. ഈ വർഷം ടൊറന്റോയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന 41-ാമത്തെ കൊലപാതകമാണിത്. കാനഡയിൽ മലയാളികളടക്കം നിരവധി ഇന്ത്യൻ വിദ്യാർത്ഥികളാണ് പഠനം നടത്തുന്നത്. കൊലപാതക വിവരം പുറത്ത് വന്നതോടെ ഏവരും ആശങ്കയിലാണ്.
Indian student shot dead in Canada; Toronto’s 41st homicide this year, police ask for help finding suspects














