യുഎസിൽ സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച ഇന്ത്യൻ വിദ്യാർത്ഥിനികളുടെ അറസ്റ്റ്; വീഡിയോ വീണ്ടും വൈറൽ

യുഎസിലെ സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചതിന് രണ്ട് ഇന്ത്യൻ വിദ്യാർത്ഥിനികൾ അറസ്റ്റിലാകുന്ന വീഡിയോ വൈറൽ. പോലീസ് തന്നെയാണ് ബോഡിക്യാം ദൃശ്യങ്ങൾ പങ്കുവെച്ചത്. യുഎസ് ടെക് വര്‍ക്കേഴ്സ് എന്ന എക്സ് ഹാന്‍റിലില്‍ നിന്നാണ് വീഡിയോ വീണ്ടും പങ്കുവയ്ക്കപ്പെട്ടത്. ദൃശ്യങ്ങൾ ഇതിനകം തന്നെ യുഎസ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. പോലീസ് കടയിലേക്ക് എത്തുന്നത് മുതലുള്ള ബോഡിക്യാം ദൃശ്യങ്ങളാണ് പങ്കുവയ്ക്കപ്പെട്ടത്. 2024 മാർച്ചിലാണ് സംഭവം. അന്നും ഇരുവരുടെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഹോബോക്കനിലെ ഒരു ഷോപ്പ് റൈറ്റ് ഔട്ട്‌ലെറ്റിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. 20 വയസ്സുള്ള ഭവ്യ ലിംഗനഗുണ്ടയും 22 വയസ്സുള്ള യാമിനി വാൽക്കൽപുടിയുമാണ് അറസ്റ്റിലായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികൾ. സ്റ്റീവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉന്നത പഠനം നടത്തുന്ന വിദ്യാര്‍ത്ഥിനികൾ അറസ്റ്റിന് തൊട്ടുമുമ്പ് ന്യൂജേഴ്‌സിയിലേക്ക് താമസം മാറിയിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വിദ്യാർത്ഥികൾ ബില്ലിംഗ് കൗണ്ടറിൽ രണ്ട് ഇനങ്ങൾക്ക് മാത്രം പണം നൽകി പുറത്തിറങ്ങുകയായിരുന്നു.

ഇതിനിടെ 155.61 ഡോളർ (ഏകദേശം 13,600 രൂപ) വിലമതിക്കുന്ന 27 സാധനങ്ങൾ പണം നല്‍കാതെ പുറത്ത് കടത്താന്‍ യുവതികൾ ശ്രമിക്കുകയും ബിൽ അടയ്ക്കാത്തതിനെ തുടർന്ന് സ്റ്റോർ ജീവനക്കാര്‍ പോലീസിനെ വിളിക്കുകയും തുടർന്ന് തങ്ങൾ മുഴുവന്‍ തുകയും നല്‍കാന്‍ തയ്യാറാണെന്ന് യുവതികൾ പോലീസിനോട് പറയുന്നതും വീഡിയോയിൽ കേൾക്കാം. എന്ത് കൊണ്ട് അത് ആദ്യം ചെയ്തില്ലെന്ന് ചോദിക്കുമ്പോൾ ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലന്‍സ് ഇല്ലായിരുന്നുവെന്നും മറന്ന് പോയതാണെന്നുമായിരുന്നു യുവതികളുടെ മറുപടി.

അതേസമയം, ഇരുവരെയും അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞപ്പോൾ ഇരട്ടി തുക നല്‍കാമെന്നായി യുവതികൾ. പക്ഷേ, യുവതികളെ വിശ്വാസത്തിലെടുക്കാതെ പോലീസുകാര്‍ ആ ഷോപ്പിലേക്ക് തിരികെ വരില്ലെന്ന് അറിയിച്ച് കൊണ്ടുള്ള പേപ്പറിൽ ഒപ്പ് വയ്പ്പിക്കുന്നു. വിഷയം കോടതിയിലേക്ക് പോകുമെന്നും ഇത്തരം കാര്യങ്ങൾ രേഖപ്പെടുത്തപ്പെടുമെന്നും പോലീസ് ഉദ്യോഗസ്ഥർ മറുപടി നൽകുന്നു.

പിന്നാലെ ഇരുവരെയും വിലങ്ങ് വച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. മോഷണം എച്ച് 1 ബി വിസയുടെ നടപടി ക്രമങ്ങളെ ബാധിക്കുമോയെന്ന് വിദ്യാര്‍ത്ഥികൾ ആശങ്കപ്പെടുന്ന ദൃശ്യങ്ങളും പോലീസ് പങ്കുവച്ചു. യുഎസിലുടനീളം ഇന്ത്യൻ പൗരന്മാർ ഉൾപ്പെട്ട സമാനമായ മോഷണ കേസുകളുടെ നിരവധി വീഡിയോകൾ അടുത്തിടെ യുഎസ് പോലീസില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈ വീഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരിക്കുന്നത്.

Also Read

More Stories from this section

family-dental
witywide