ട്രംപിന്റെ നാടുകടത്തൽ ഭീഷണി: അമേരിക്കയിൽ പാർട് ടൈം ജോലി ഉപേക്ഷിച്ച് ഇന്ത്യൻ വിദ്യാർഥികൾ

ന്യൂയോർക്ക്: അമേരിക്കൻ ഭരണകൂടം കുടിയേറ്റത്തിനെതിരെ നടപടികൾ കർശനമാക്കിയതോടെ യുഎസിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളും ആശങ്കയിൽ. നാടുകടത്തൽ ഭയന്ന് അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വ്യാപകമായി പാര്‍ട് ടൈം ജോലി ഉപേക്ഷിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിസ ചട്ടം ലംഘിച്ച് ജോലി ചെയ്യുന്നവരെ നാടുകടത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയതോടെയാണ് ജോലി ഉപേക്ഷിക്കുന്നത്.

കോളജിലെ പഠന സമയം കഴിഞ്ഞാൽ ഭൂരിഭാഗം വിദ്യാർഥികളും പാർട് ടൈം ജോലി ചെയ്താണ് താമസത്തിനും ഭക്ഷണത്തിനുമുള്ള പണം കണ്ടെത്തിയിരുന്നത്. വലിയ തുക ബാങ്ക് വായ്പയെടുത്താണ് വിദ്യാർഥികൾ അമേരിക്കയിൽ ഉന്നത പഠനത്തിന് പോകുന്നത്. എഫ് വൺ വിസയിലുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ കാമ്പസില്‍ ലൈബ്രറി അസിസ്റ്റന്റ്, ഐ.ടി അസിസ്റ്റന്റ്, ബുക്ക് സ്റ്റോര്‍ അസിസ്റ്റന്റ്, ഫിറ്റ്നസ് അസിസ്റ്റന്റ്, റിസര്‍ച് അസിസ്റ്റന്റ് എന്നിങ്ങനെ ജോലി ചെയ്യാന്‍ നിയമം അനുവദിക്കും. എന്നാൽ, പല വിദ്യാര്‍ഥികളും കാമ്പസിന് പുറത്തുള്ള റസ്റ്റാറന്റുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്താണ് ചെലവിനുള്ള പണം കണ്ടെത്തുന്നത്.

ഇത്തരത്തില്‍ ജോലി ചെയ്യുന്നത് ചട്ടവിരുദ്ധമാണെങ്കിലും അധികൃതർ പലപ്പോഴും നടപടിയെടുക്കാറില്ല. ട്രംപ് സര്‍ക്കാര്‍ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കർശനമാക്കിയതോടെയാണ് പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ഥികളും ആശങ്കയിലായത്.

Indian students give up part time jobs amid deportation threat

More Stories from this section

family-dental
witywide