നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ച് പോകൂ…അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനായ ടാക്‌സി ഡ്രൈവരുടെ തലയ്ക്ക് മുറിവേല്‍പ്പിച്ച് യുവാക്കള്‍

ന്യൂഡല്‍ഹി : അയര്‍ലന്‍ഡില്‍ വീണ്ടും ഇന്ത്യന്‍ വംശജന് നേരെ ആക്രമണം. ഇന്ത്യയിലേക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടാണ് ഇന്ത്യന്‍ വംശജനെ യുവാക്കള്‍ ആക്രമിച്ചത്. ഡബ്ലിനിലാണ് ആക്രമണം നടന്നത്. ലഖ്വീര്‍ സിംഗ് എന്ന ടാക്‌സി ഡ്രൈവറെ രണ്ടുപേര്‍ ചേര്‍ന്ന് കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കാര്‍ വാടകയ്ക്ക് വിളിച്ച രണ്ട് പേര്‍ യാത്രയ്ക്കിടെ ലഖ്വീര്‍ സിംഗിന്റെ തലയ്ക്ക് കുപ്പി കൊണ്ട് അടിക്കുകയായിരുന്നു. നിങ്ങള്‍ നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങിപ്പോകൂ എന്നാണ് സംഘം ആവശ്യപ്പെട്ടത്. കഴിഞ്ഞ 23 വര്‍ഷമായി ലഖ്വീര്‍ സിംഗ് അയര്‍ലണ്ടില്‍ താമസിക്കുകയാണ്. ഏതാണ്ട് 10 വര്‍ഷത്തിന് മേലെയായി അദ്ദേഹം ഒരു ക്യാബ് ഡ്രൈവര്‍ കൂടിയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇരുപതുകാരായ രണ്ടുപേര്‍ ലഖ്വീര്‍ സിംഗിന്റെ കാര്‍ വാടകയ്ക്ക് വിളിക്കുകയായിരുന്നു. ഇവര്‍ പോപ്പിന്‍ട്രീയില്‍ പോകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. സ്ഥലത്ത് എത്തിയപ്പോള്‍ കാറില്‍ നിന്നും ഇറങ്ങാതെ കൈയിലിരുന്ന കുപ്പികൊണ്ട് അക്രമിക്കുകയായിരുന്നു. കുപ്പി കൊണ്ട് ഒന്നില്‍ കൂടുതല്‍ തവണ തലയ്ക്ക് അടിച്ച യുവാക്കള്‍ ‘സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ’ എന്ന് ആക്രോശിക്കുകയായിരുന്നു. തലമുറിഞ്ഞ് ചോരയൊഴുകിയ ഇദ്ദേഹം സമീപത്തെ വീടികളില്‍ ആഭയം തേടാന്‍ ശ്രമിച്ചു. സഹായത്തിന് ആരും തയ്യാറാകാതിരുന്നതിനാല്‍ ലഖ്‌വീര്‍ 999 -ലേക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. അടുത്തിടെയായി അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കുനേരെ വംശീയാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

More Stories from this section

family-dental
witywide