
ഓട്ടവ: കാനഡയില്‍ നിന്ന് പുറത്താക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടാകുമെന്ന ആശങ്കകള്‍ക്കിടയില്‍, അവിടുത്തെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ച് ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണര്‍ ദിനേശ് കെ പട്‌നായിക്.
കാനഡയിലെ ഇന്ത്യക്കാര്‍ വലിയ സുരക്ഷാ ഭീഷണികളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് അടുത്തിടെ സിടിവി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്നുപറഞ്ഞത്. ”ഇവിടെ ഇന്ത്യക്കാര്‍ക്ക് കാനഡ സുരക്ഷിതമാണോ? കാനഡ സ്വയം സുരക്ഷിതമാണോ? ഈ പ്രശ്‌നം സൃഷ്ടിക്കുന്നത് കാനഡക്കാരാണ്. നിങ്ങള്‍ കാനഡയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കുന്നുണ്ടോ? വാന്‍കൂവറില്‍ ഒരു റെസ്റ്റോറന്റിന് നേരെ മൂന്നാം തവണയും ആക്രമണം ഉണ്ടായി. ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റിന് നേരെ വെടിവയ്പ്പ് നടന്നു. ഇന്ത്യക്കാര്‍ ഇവിടെ സുരക്ഷിതരല്ലെന്ന് തോന്നുന്നു. ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷണര്‍ക്ക് സംരക്ഷണം ആവശ്യമില്ല, പക്ഷേ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് സംരക്ഷണം ആവശ്യമാണ്” – ദിനേഷ് പട്നായിക് ആശങ്ക വ്യക്തമാക്കി.
"Indians are not feeling safe in Canada. The High Commissioner of Canada in India doesn't need protection. But the Indian envoy in Canada needs protection!" says Ambassador Dinesh Patnaik pic.twitter.com/GNc8X2Qr4J
— Shashank Mattoo (@MattooShashank) October 20, 2025
കാനഡയില്‍ നിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂലൈ 28 വരെ 1,891 ഇന്ത്യക്കാരെ കാനഡയില്‍ നിന്ന് നാടുകടത്തി. കഴിഞ്ഞ വര്‍ഷം ഇത് 1,997 ആയിരുന്നു.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം രണ്ട് വര്‍ഷത്തിനു ശേഷം പൂര്‍വസ്ഥിതിയിലായതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഹൈക്കമ്മീഷണറായി പട്‌നായിക്കിന് നിയമനം നല്‍കിയത്. ഇന്ത്യയില്‍ കാനഡയും പുതിയ ഹൈക്കമ്മീഷണറെ നിയമിച്ചിരുന്നു.
Indians are not safe in Canada, reveals new High Commissioner