
ഇസ്രയേൽ – ഇറാൻ സംഘർഷം യുദ്ധത്തിലേക്ക് എത്തിയിരിക്കെ , ഇറാനിലുള്ള ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കാൻ ആരംഭിച്ചു. 100 പേരുള്ള ആദ്യ സംഘം ഉടൻ അർമീനിയയിൽ എത്തുമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കിയിട്ടുണ്ട്. ഏതാണ്ട് പതിനായിരത്തോളം ഇന്ത്യൻ വിദ്യാർഥികൾ ഇറനിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
ടെഹ്റാൻ യൂണിവേഴ്സിറ്റി മെഡിക്കൽ സയൻസസിന്റെ കെട്ടിടത്തിനുനേരെയുള്ള ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ 5 ഇന്ത്യൻ വിദ്യാർഥികൾക്കു നിസ്സാര പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. ടെഹ്റാനിലെ വിദ്യാർഥികളടക്കമുള്ള ഇന്ത്യക്കാർ തെക്കൻ നഗരമായ ക്വോമിലേക്കു മാറണമെന്ന് എംബസി നിർദേശിച്ചു. ടെൽ അവീവിൽ നിന്നു ജനങ്ങൾ പിന്മാറണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
പിന്നാലെ ടെൽ അവീവിലും ഹൈഫയിലും മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ ദേശീയ ടെലിവിഷൻ അവകാശപ്പെട്ടു. ദക്ഷിണ ഇറാനിലെ എണ്ണപ്പാടം ആക്രമിക്കാനുള്ള ഇസ്രയേൽ നീക്കം ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തെന്ന് ഇറാനിയൻ വെബ്‌സൈറ്റ് റിപ്പോർട്ടു ചെയ്‌തു. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടം ശനിയാഴ്ച ഇസ്രയേൽ ആക്രമിച്ചതിനെ തുടർന്ന് വാതക ഉത്പാദനം ഭാഗീകമായി നിർത്തിവച്ചിരുന്നു.
തബ്‌രിസ് മേഖലയിൽ ഇസ്രയേലിന്റെ എഫ് 35 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ഇറാൻ അവകാശപ്പെട്ടു. ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൈദ്യുതി നിലയങ്ങൾക്ക് കേടു സംഭവിച്ചു. ഹൈഫയിലെ ബസാൻ റിഫൈനറിയിൽ 3 തൊഴിലാളികൾ കൊല്ലപ്പെട്ടു. വടക്കൻ ഇസ്രയേലിൽ അപായ മുന്നറിയിപ്പ് നൽകി.
Indians leaves Iran heads to Armenia