വാഷിംഗ്ടൺ പോസ്റ്റിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്, അദാനിയെ കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ മോദിയുടെ രഹസ്യ സഹായം? എൽഐസിയിൽ നിന്ന് 3.5 ലക്ഷം കോടി മറിച്ചു

കടക്കെണിയിൽ വലയുന്ന ഗൗതം അദാനിയുടെ വ്യവസായ സാമ്രാജ്യത്തെ സഹായിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രഹസ്യമായി ഇടപെട്ടതായി വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് ആരോപിക്കുന്നു. ഗ്രാമീണ-ദരിദ്ര ജനവിഭാഗത്തിന്റെ നിക്ഷേപങ്ങൾ സംരക്ഷിക്കുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിൽ (എൽഐസി) നിന്ന് 3.5 ലക്ഷം കോടി രൂപയോളം അനധികൃതമായി അദാനി ഗ്രൂപ്പിലേക്ക് മറിച്ചൊഴുക്കിയെന്നാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. 90 ബില്യൺ ഡോളർ ആസ്തിയുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും സമ്പന്നനായ അദാനിയുടെ കടം അടുത്തിടെ വർധിച്ചു, നിരവധി ബില്ലുകളിൽ കുടിശ്ശിക വരുത്തിയതോടെ യുഎസ് കൈക്കൂലി, വഞ്ചന കേസുകളിലും പ്രതിയായി. യുഎസ്, യൂറോപ്യൻ ബാങ്കുകൾ വായ്പകൾ നൽകുന്നതിൽ മടിച്ചുനിന്നപ്പോഴാണ് ജനങ്ങളുടെ പണം അദാനിക്ക് സഹായമായി മാറ്റിയത്.

2025-ലെ ആഗോള പട്ടിണി സൂചികയിൽ 102-ാം സ്ഥാനത്തുള്ള ഇന്ത്യയിൽ 12 ശതമാനം ജനത പോഷകാഹാരക്കുറവ് മൂലം വലയുന്നു. 32.9 ശതമാനം കുട്ടികൾ വളർച്ചാ മുരടിപ്പ് അനുഭവിക്കുന്നതും, 2.8 ശതമാനം അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ മരണപ്പെടുന്നതുമായ സാഹചര്യത്തിലാണ് പാവപ്പെട്ടവരുടെ രക്ഷാകേന്ദ്രമായ എൽഐസിയിൽ നിന്ന് പണം മറിച്ചൊഴുക്കിയത്. വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് പ്രകാരം, മെയ് മാസം മുതൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ എൽഐസിയിൽ നിന്ന് അദാനി ബിസിനസുകളിലേക്ക് 3.9 ബില്യൺ ഡോളർ (ഏകദേശം 3.5 ലക്ഷം കോടി രൂപ) നിക്ഷേപിക്കുന്നതിന്റെ ആദ്യഘട്ടം ആരംഭിച്ചു. കടം തിരിച്ചടയ്ക്കാൻ ബോണ്ടുകൾ വഴി 585 മില്യൺ ഡോളർ സമാഹരിക്കേണ്ടിവന്ന അദാനിക്ക്, മെയ് 30-ന് എൽഐസി മാത്രം പൂർണ ധനസഹായം നൽകി, ഇത് സർക്കാർ ഉദ്യോഗസ്ഥരുടെ പ്രത്യേക പദ്ധതിയുടെ ഭാഗമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അദാനി ഗ്രൂപ്പിന് വേണ്ടി എൽഐസി, നീതി ആയോഗ്, ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ ഫിനാൻഷ്യൽ സർവീസസ് വകുപ്പ് (ഡിഎഫ്എസ്) എന്നിവ ചേർന്ന് പ്രത്യേക നിക്ഷേപ പദ്ധതി തയ്യാറാക്കി, ധനകാര്യമന്ത്രാലയം അനുമതി നൽകി. രാജ്യത്തെ ഏറ്റവും ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള പ്രധാനമന്ത്രിയുടെ ഉറ്റ സുഹൃത്തായ വ്യവസായിയുടെ സ്ഥാപനത്തിലേക്ക് നികുതിദായകരുടെ പണം എത്തിക്കുന്നതിന്റെ വലിയ പദ്ധതിയുടെ ഭാഗമാണിതെന്ന് റിപ്പോർട്ട് ആരോപിക്കുന്നു. മെയ് മാസത്തിലെ പോർട്ട് ബോണ്ടിന് ശേഷം എൽഐസി നടത്തിയ മറ്റു നിക്ഷേപങ്ങൾ വ്യക്തമല്ലെങ്കിലും, ഈ സഹായം അദാനിയുടെ കടം തിരിച്ചടവിനെ സഹായിക്കുന്നതായി വ്യക്തമാക്കുന്നു.

എൽഐസി, ഡിഎഫ്എസ് രേഖകളും, പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരുടെയും ബാങ്കർമാരുടെയും അഭിമുഖങ്ങളുമാണ് വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിന്റെ ആധാരം. യുഎസ്, യൂറോപ്പ് ബാങ്കുകളുടെ മടിക്കൽ സാഹചര്യത്തിൽ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലൂടെ അദാനിയെ രക്ഷപ്പെടുത്തിയത് ജനങ്ങളുടെ പണത്തെ അപകടത്തിലാക്കുന്നതാണെന്ന് റിപ്പോർട്ട് വിമർശിക്കുന്നു. ഇന്ത്യയിലെ സാമ്പത്തിക അസമത്വവും കർഷക-ദരിദ്രർക്ക് നഷ്ടമാകുന്ന നയങ്ങളും ചൂണ്ടിക്കാട്ടി, ഈ സഹായം രാഷ്ട്രീയ-കോർപ്പറേറ്റ് ബന്ധങ്ങളുടെ ഉദാഹരണമാണെന്ന് വാഷിംഗ്ടൺ പോസ്റ്റ് മുന്നറിയിപ്പ് നൽകുന്നു.

Also Read