പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്, ‘ഏത് ഭീകരപ്രവർത്തനവും യുദ്ധമായി കാണും, ശക്തമായി തിരിച്ചടിക്കും’

അതിർത്തിയിൽ ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാന് ശക്തമായ താക്കീതുമായി ഇന്ത്യ. ഭാവിയിൽ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏത് ഭീകരപ്രവർത്തനവും യുദ്ധസമാനമായ പ്രവൃത്തിയായി ഇന്ത്യ കാണുമെന്നും, അതിന് തക്കതായ മറുപടി നൽകുമെന്നും കേന്ദ്ര സർക്കാരിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

വൈകീട്ട് ആറ് മണിക്ക് വിദേശ-പ്രതിരോധ മന്ത്രാലയങ്ങൾ വാർത്താസമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. ഇതിൽ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രി ഇന്ത്യയിലെ 26 കേന്ദ്രങ്ങളിലായി പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി പാകിസ്ഥാൻ്റെ നാല് വ്യോമ താവളങ്ങളും ഏതാനും സൈനിക പോസ്റ്റുകളും ഉൾപ്പെടെ തകർത്ത് ഇന്ത്യ തിരിച്ചടി നൽകിയിരുന്നു.

ശനിയാഴ്ച പകൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഡിഫൻസ് സ്റ്റാഫ് അംഗങ്ങൾ, ഇന്ത്യൻ സൈനിക മേധാവിമാർ എന്നിവർ അടിയന്തര യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ എടുത്ത നിർണായക തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ സൈനിക മേധാവിമാർ വിശദീകരിക്കും.

More Stories from this section

family-dental
witywide