ഇന്ത്യയിലെ ആദ്യ മൈന്റ്ടെക് ആപ് ‘പാലന ന്യൂറോസിങ്ക് ‘ പുതിയ ചുവടുവയ്പ്പിലേക്ക്, സ്റ്റാർട്ടപ്പിൽ നിക്ഷേപകനായി പ്രമുഖ ന്യൂറോ സർജൻ

കൊച്ചി: ഇന്ത്യയിലെ ആദ്യ മൈന്റ്ടെക് സ്റ്റാര്‍ട്ടപ്പ് ‘പാലന’ പുതിയ ചുവടുവെയ്പുകളിലേക്ക് കടക്കുകയാണെന്ന് സ്ഥാപകനും ചെയര്‍മാനുമായ ബിജു ശിവാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി രംഗത്തുള്ള പാലന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് ഉപയോഗിക്കുന്നത്. പാലന പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നിലവില്‍ 25 കോടി ഇന്ത്യന്‍ രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. സഹസ്ഥാപകനായ മനോജ് രോഹിണി, മണികണ്ഠന്‍ ഡയറക്ടര്‍മാരായ ആറളം അബ്ദുറഹ്മാന്‍ ഹാജി, പ്രിയ ബിജു എന്നിവര്‍ക്ക് പുറമേ പുതിയ മൂന്നുപേര്‍ കൂടി കമ്പനിയോടൊപ്പം ചേരുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കോ-ചെയര്‍മാനായി അഹമ്മദ് മുല്ലാച്ചേരിയും (എന്‍ ആര്‍ ഐ സംരംഭകന്‍) എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായി ഡോ. അരുണ്‍ ഉമ്മന്‍ (സീനിയര്‍ ന്യൂറോ സര്‍ജന്‍, വി പി എസ് ലേക്ക് ഷോര്‍ കൊച്ചി), വിജയ് ആനന്ദ് (ഹോണററി ട്രേഡ് കമ്മീഷണര്‍ ടു ആഫ്രിക്ക, ഇന്ത്യ, ആഫ്രിക്ക ട്രേഡ് കൗണ്‍സില്‍, വിദേശ ടെക്ക് സംരംഭകന്‍) എന്നിവരാണ് പുതുതായി കമ്പനിയില്‍ സ്ഥാനമേറ്റെടുത്തത്. ഡോ. അരുണ്‍ ഉമ്മന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് മെഡിക്കല്‍ അഡൈ്വസറും വിജയ് ആനന്ദ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗ്ലോബല്‍ ഹാപ്പിനസ് അംബാസഡറുമാണ്. എട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും പാലന ആപ്പിന്റെ സേവനം സ്വീകരിക്കാനാവും. കോടിക്കണക്കിന് മസ്തിഷ്‌ക്കങ്ങള്‍ക്ക് കരുതലുകള്‍ നല്‍കുന്ന പാലനയുടെ ആപ്തവാക്യം ‘ Caring Billions of Brains’ എന്നാണ്. മാത്രമല്ല നമ്മുടെ ഗുരുവും വഴികാട്ടിയും നമുക്കുള്ളില്‍ തന്നെയാണെന്നും പാലന വിശദമാക്കുന്നു. ഓരോരുത്തരുടേയും ഉള്ളിലുള്ള ചോദനകളെ തട്ടിയുണര്‍ത്തുന്ന വിധത്തിലാണ് പാലന രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഏഴ് വ്യത്യസ്ത തലങ്ങളിലായി വ്യക്തികളെ സ്പര്‍ശിക്കുന്ന വിധത്തിലാണ് പാലന ക്രമപ്പെടുത്തിയത്. ഗര്‍ഭിണികളെയും ഗര്‍ഭസ്ഥ ശിശുക്കളേയും ഉദ്ദേശിച്ചുള്ള ‘അമൃത്’, ഗാഢനിദ്രയുടെ തലങ്ങളിലേക്കെത്തിക്കുന്ന ‘സയാന’, ആശങ്കകളും മാനസിക സംഘര്‍ഷങ്ങളും കുറച്ചുകൊണ്ടുവരാന്‍ സഹായിക്കുന്ന ‘ആനന്ദ’, വിദ്യാര്‍ഥികള്‍ക്ക് ഓര്‍മശക്തി വര്‍ധിപ്പിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും വഴിയൊരുക്കുന്ന ‘വികാസ്’, ദമ്പതികള്‍ക്കിടയിലെ പ്രണയ സംവാദങ്ങളെ പുതിയ തലങ്ങളിലേക്കെത്തിക്കുന്ന ‘സെക്സെലന്‍സ്’, മാനസികോര്‍ജ്ജവും വൈകാരികതലങ്ങളും സമീകരിക്കുന്ന ‘പ്രഭവ്’, ജീവിതത്തില്‍ സമ്പദ് സമൃദ്ധിയിലേക്ക് വഴിയൊരുക്കുന്ന സ്വഭാവസവിശേഷതകള്‍ സമ്മാനിക്കുന്ന ‘സമൃദ്ധി’ എന്നിവയാണ് പാലന വാഗ്ദാനം ചെയ്യുന്നത്.

സെക്സെലന്‍സും സയാനയും സായാഹ്നങ്ങളിലാണ് കൂടുതല്‍ ഫലപ്രദമാവുകയെങ്കില്‍ മറ്റുള്ള പാലന ന്യൂറോസിങ്ക് സെഷനുകളെല്ലാം പ്രഭാതങ്ങളിലേക്ക് അനുയോജ്യമായ വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. മനസ്സിനെ ആഴങ്ങളിലേക്കെത്തിക്കുന്ന ശബ്ദവീചികള്‍ സൃഷ്ടിച്ചാണ് പാലന ഉപയോക്താവിനെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നത്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുന്ന രാജ്യങ്ങളിലെല്ലാം പാലനയുടെ സേവനമെത്തിക്കാനാവുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്ഥാപകനായ ബിജു ശിവാനന്ദന്‍ പറഞ്ഞു. പ്രീമിയം ഉപയോക്താക്കളെ ഉദ്ദേശിച്ചുള്ള ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഉന്നത ഗുണനിലവാരമുള്ള ഹെഡ്‌സെറ്റ് കൂടി നല്‍കുവാന്‍ കമ്പനി തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ 90 ദിവസം പ്രതിദിനം ഒരു മണിക്കൂര്‍ വീതം പാലനയുടെ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ തയ്യാറായാല്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്യുന്നത്. തങ്ങളുടെ ഉപയോക്താക്കള്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഹാപ്പിനസ് റിജുവനേഷന്‍ സെന്റര്‍ എന്ന എക്സ്പീരിയന്‍സ് സെന്ററുകലും പാലന ഒരുക്കുന്നുണ്ട്. നീണ്ട വര്‍ഷങ്ങളുടെ ഗവേഷണങ്ങളിലൂടെയാണ് പാലനയുടെ മൊഡ്യൂളുകള്‍ തയ്യാറാക്കിയത്.

More Stories from this section

family-dental
witywide