
ഐഫോണിന്റെ പേരില്‍ ഇന്ത്യക്കും ഇരിക്കട്ടെ ഒരു റെക്കോര്‍ഡ്! ഈ വര്‍ഷം മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ ഐ ഫോണുകള്‍ കയറ്റുമതി ചെയ്തതിന് ഇന്ത്യക്ക് സര്‍വ്വകാല റെക്കോര്‍ഡെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ പകുതിയില്‍ ഐഫോണ്‍ പ്രൊഡക്ഷന്‍ 53 ശതമാനം വര്‍ദ്ധിച്ചു. ജനുവരി-ജൂണ്‍ കാലഘട്ടത്തില്‍ ഏകദേശം 23.9 ദശലക്ഷം ഐഫോണുകളാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തിരിക്കുന്നത്. ഇതിന്റെ മൂല്യം 22.56 ബില്ല്യന്‍ ഡോളര്‍ വരും.
2017ല്‍ ആണ് ഇന്ത്യയില്‍ ഐഫോണ്‍ കൂട്ടിയോജിപ്പിക്കല്‍ ആദ്യം ആരംഭിക്കുന്നത് . ആ കാലത്തൊന്നും ഇന്ത്യ ഐഫോണ്‍ നിര്‍മ്മാണ മേഖലയില്‍ ചൈനയ്ക്ക് ശക്തിയുളള എതിരാളിയായി തീരുമെന്ന് കരുതിയിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ അങ്ങനെയാണ്. ചൈനയില്‍ നിന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് പറിച്ചുനടുന്നതിന്റെ ഭാഗമായി നടത്തിയ നീക്കങ്ങളുടെ ഫലമാണ് ഇന്ത്യയുടെ നേട്ടം. ഗവേഷണ കമ്പനിയായ കനാലിസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രണ്ടാം തവണ അമേരിക്കയില്‍ ചുമതലയേല്‍ക്കുകയും ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്ന ഇറക്കുമതിക്ക് അധിക ചുങ്കം ചുമത്താന്‍ ആരംഭിക്കുകയും ചെയ്തതാണ് ഇന്ത്യയുടെ നേട്ടത്തിന്റെ പിന്നില്‍. ട്രംപിന്റെ തീരുമാനം വന്നതോടെയാണ് ആപ്പിള്‍ ഇന്ത്യയില്‍ കൂടുതല്‍ ഐഫോണ്‍ നിര്‍മ്മിച്ചെടുക്കാന്‍ ആരംഭിച്ചത്. ഏപ്രില്‍ 5ന് ആയിരുന്നു പകരച്ചുങ്കം നിലവില്‍ വന്നത്.
അതേസമയം, ഐഫോണ്‍ അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കണമെന്നും അല്ലെങ്കില്‍ ഇന്ത്യയില്‍ നിന്നു കൊണ്ടുവരുന്ന ഹാന്‍ഡ്സെറ്റുകള്‍ക്കും അധിക ചുങ്കം ചുമത്തുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. ഇത് ആപ്പിള്‍ അടക്കമുള്ള അമേരിക്കന്‍ കമ്പനികള്‍ക്ക് ചില്ലറ തലവേദനയല്ല സൃഷ്ടിച്ചിരിക്കുന്നത്. ഫോക്സ്‌കോണ്‍, ടാറ്റാ ഇലക്ട്രോണിക്സ് എന്നീ കരാര്‍ കമ്പനികളാണ് ആപ്പിളിനു വേണ്ടി ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മിച്ചെടുക്കുന്നത്. ഇപ്പോഴും ഫോക്സ്‌കോണ്‍ തന്നെയാണ് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ഐഫോണുകള്‍ കയറ്റുമതി ചെയ്യുന്നത്.