
ദില്ലി: ഇന്ത്യയുടെ ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ വികസനം അവസാനഘട്ടത്തിൽ. ഇതിനായുള്ള ഡിആർഡിഒ നടപടികൾ അവസാനഘട്ടത്തിലാണെന്നാണ് സൂചന. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്നതാണ് കെ 6 എന്ന് പേരിട്ടിരിക്കുന്ന ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍. മിസൈലിന്റെ കടലിലെ പരീക്ഷണം ഈ മാസം നടന്നേക്കുമെന്നാണ് വിവരം.
മിസൈലിന്റെ നിർമ്മാണ പദ്ധതി ഇന്ത്യ ആരംഭിക്കുന്നത് 2017ലാണ്. ശബ്ദത്തേക്കാള്‍ 7.5 മടങ്ങ് അധികവേഗത്തിൽ കുതിക്കാൻ കഴിയുന്ന ഈ മിസൈലിന് മണിക്കൂറില്‍ 9,261 കിലോമീറ്റര്‍ വേഗതയുണ്ടാകും. ഇന്ത്യ പുതിയതായി വികസിപ്പിക്കുന്ന എസ് 5 കോഡിലുള്ള അന്തർവാഹിനികളിൽ വഹിക്കാനാകുന്ന രീതിയിലാണ് മിസൈലിന്റെ നിർമ്മാണം. ഒറ്റ വിക്ഷേപണത്തില്‍ ഒന്നലധികം ലക്ഷ്യങ്ങളെ ഭേദിക്കാനാകും. അഗ്നി-5 മിസൈലിനേ പോലെ ഒരേസമയം ഒന്നലധികം പോര്‍മുനകള്‍ വഹിക്കാനാകും.