ഓപ്പറേഷൻ സിന്ദൂർ; ജെയ്ഷെ മുഹമ്മദ്, ലഷ്കർ താവളങ്ങൾ തകർത്തെറിഞ്ഞ് ഇന്ത്യ, ഉപഗ്രഹചിത്രങ്ങൾ പുറത്ത്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ തിരിച്ചടിയിൽ, തകർന്ന് തരിപ്പണമായി ജെയ്ഷെ മുഹമ്മദിൻ്റെയും ലഷ്കറിൻ്റെയും താവളങ്ങൾ. ഓപ്പറേഷൻ സിന്ദൂർ വ്യോമാക്രമണങ്ങളിൽ പാക് അധീന കശ്മീരിലെ രണ്ട് പ്രധാന ഭീകരതാവളങ്ങൾക്കുണ്ടായ നാശനഷ്‌ടം വെളിപ്പെടുത്തുന്ന കൂടുതൽ വ്യക്തതയുള്ള ഉപഗ്രഹചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. താവളങ്ങൾ കൃത്യമായി തകർക്കപ്പെട്ടുവെന്ന് തെളിയിക്കുന്നതാണ് പുതിയ ഹൈ റെസല്യൂഷൻ ചിത്രങ്ങൾ. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് പാകിസ്താനിലേയും പാക് അധീന കശ്മ‌ീരിലേയും ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് മേയ് ഏഴിന് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. കശ്മ‌ീരിലെ താംഗ്‌ധറിൽ നിന്ന് 36 കിലോമീറ്റർ അകലെയുള്ള മുസാഫറബാദിലെ സെയ്ദ്‌ന ബിലാൽ ക്യാമ്പ്, ജമ്മുവിലെ രജൗറിയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള കോട്ലി ഗുൽപുർ ക്യാമ്പ് എന്നീ ഭീകരതാവളങ്ങൾ തകർന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഭീകരപരിശീലനകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ ഡ്രോണുകളാണ് ലക്ഷ്യമിട്ടതെന്നാണ് നിഗമനം.

പാക് അധീന കശ്‌മീരിൻ്റെ തലസ്ഥാനമായ മുസാഫർബാദിലെ ഭീകരസംഘത്തിലെത്തുന്നവർക്കുള്ള പരിശീലനകേന്ദ്രം കൂടിയായ സെയ്ദ്ന ബിലാൽ ക്യാമ്പ് ജെയ്ഷെ മുഹമ്മദ് ഭീകരരുടെ താവളമാണ്. ആയുധങ്ങളുടെയും സ്ഫോടകവസ്‌തുക്കളുടെയും പ്രയോഗം, വനപ്രദേശങ്ങളിലെ അതിജീവനം തുടങ്ങിയ കാര്യങ്ങളിലുള്ള പരിശീലനം ഇവിടെ നൽകി വരുന്നു. ആക്രമണത്തിനുമുൻപും ശേഷവുമുള്ള ഉപഗ്രഹചിത്രങ്ങൾ താരതമ്യപ്പെടുത്തിയാൽ കെട്ടിടങ്ങളുടെ മേൽക്കൂരയ്ക്കും ചുമരുകൾക്കും തകരാറ് സംഭവിച്ചുള്ളതായി ചിത്രങ്ങളിൽ കാണാൻ കഴിയും. 2023 ജൂണിൽ സയ്ദ്ന ബിലാൽ ക്യാമ്പിലേക്ക് പ്രത്യേകപരിശീലനത്തിനായി ഭീകരരെ അയച്ചിരുന്നുവെന്നാണ് സൈനികവൃത്തങ്ങൾ നൽകുന്ന വിവരം.

നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഉറിയിലും കേരനിലും ഭീകരരെ വിന്യസിക്കാനും കറുവയ്ക്കും റാമ്പനും ഇടയിലുള്ള റെയിൽവെ പാലം തകർക്കാനും ഭീകരസംഘടന ലക്ഷ്യമിട്ടിരുന്നതായുള്ള വിവരം ലഭിച്ചതായി സൈനിക വൃത്തങ്ങൾ പറഞ്ഞു. പരിശീലനത്തിനുശേഷം ഈ ഭീകരരെ പാകിസ്താനിലെ പഞ്ചാബിലെത്തിച്ച് ആശയവിനിമയത്തിനുള്ള പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. പരിശീലനം പൂർത്തിയായതോടെ നാല് മുതൽ എട്ട് പേർ വരെയുള്ള സംഘങ്ങളായി വിഭജിക്കപ്പെട്ട ഭീകരർ അന്താരാഷ്ട്ര അതിർത്തിയിലൂടെ 2024 മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിൽ ഇന്ത്യയിലേക്ക് പ്രവേശിക്കുകയും ചെയ്തു. കഴിഞ്ഞ കൊല്ലം ജമ്മുവിലുണ്ടായ ഭീകരാക്രമണങ്ങളിൽ ഭൂരിഭാഗവും ഈ സംഘങ്ങൾ നടത്തിയതാണ്. കൊടുംഭീകരരായ മുഫ്‌തി അസ്‌ഗർ ഖാൻ കശ്മീരി, അമീർ ഡെയ്ഷെ മുഹമ്മദ്, അബ്‌ദുള്ള ജിഹാദി, ആഷിഖ് നെഗ്റൂ എന്നിവർ നിരന്തരം ക്യാമ്പ് സന്ദർശിച്ചിരുന്നു.

ജെയ്ഷെ മുഹമ്മദ് കമാൻഡർമാർക്ക് വേണ്ടി ക്യാമ്പിനുസമീപം അതിഥിമന്ദിരങ്ങളും പണിതിരുന്നു. പാകിസ്താന്റെ രഹസ്യാന്വേഷണവിഭാഗമായ ഐഎസ്ഐ ആണ് ഭീകരസംഘടനയ്ക്കുവേണ്ട സഹായം നൽകിയിരുന്നതെന്നാണ് വിവരം. 2023 ലും 2024 ലും തീർഥാടകർ സഞ്ചരിച്ച ബസിനുനേർക്കും ഉണ്ടായ ആക്രമണങ്ങൾക്കുപിന്നിൽ ഈ ‘ ക്യാമ്പിൽ നിന്ന് പരിശീലനം നേടിയ ഭീകരരാണെന്ന് കരുതപ്പെടുന്നു. കോട്ലിയിലെ ഗുൽപുർ ക്യാമ്പ് രജൗറി-പൂഞ്ച് മേഖലകളിൽ ആക്രമണങ്ങൾ നടത്തിയിരുന്ന ലഷ്കറെ തൊയ്ബ ഭീകരസംഘടനയുടെ ബേസ് ക്യാമ്പായി കണക്കാക്കപ്പെടുന്നതാണ് . ഇവിടെ നിന്നുള്ളതാണ് രണ്ടാമത്തെ സെറ്റ് ചിത്രങ്ങൾ. ഇവിടെയുള്ള കെട്ടിടങ്ങളുടെ മേൽക്കൂരയ്ക്ക് കേടുപാട് സംഭവിച്ചതായി ചിത്രങ്ങളിൽ കാണാം. ഇപ്പോൾ ലഭിച്ചിരിക്കുന്ന മാക്‌സർ ഉപഗ്രഹചിത്രങ്ങൾ ജർമൻ വാർത്താ ഏജൻസിയ്യായ ടിആർടി ഡച്ച് ആണ് പുറത്തുവിട്ടിരിക്കുന്നത്.

More Stories from this section

family-dental
witywide