ഗുരുഗ്രാം: സർവീസുകൾക്കായി ആവശ്യമുള്ള ജീവനക്കാരെ എത്തിക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് ബെംഗളൂരു, മുംബൈ വിമാനത്താവളങ്ങളിൽ നിന്നുള്ളവ ഉൾപ്പെടെ ഇൻഡിഗോയുടെ 70 ലധികം വിമാന സർവ്വീസുകൾ മുടങ്ങി. വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി ഇൻഡിഗോ സർവ്വീസുകൾ വൈകുകയും ചെയ്തു. വിമാന കമ്പനികൾ നവംബർ ഒന്ന് മുതൽ നടപ്പാക്കിയ പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധികൾ (FDTL) ആണ് ഈ വെല്ലുവിളിയ്ക്ക് കാരണം. കഴിഞ്ഞ വർഷം നടപ്പാക്കേണ്ടിയിരുന്ന ഡ്യൂട്ടി പരിഷ്‌കരണം കോടതി വിധിയെ തുടർന്നാണ് നടപ്പാക്കിയത്.
ഇതോടെ നിലവിലെ ജീവനക്കാരെ വെച്ച് സർവ്വീസുകൾ നടത്താൻ കഴിയാതെയായി. സാങ്കേതിക പ്രശ്‌നങ്ങൾ, വിമാനത്താവളങ്ങളിലെ തിരക്ക്, പ്രവർത്തന ആവശ്യകതകൾ എന്നിവയുൾപ്പെടെ വിവിധ കാരണങ്ങൾ ഇൻഡിഗോ തുടക്കത്തിൽ പറഞ്ഞിരുന്നെങ്കിലും ജീവനക്കാരുടെ കുറവ് മൂലമാണ് റദ്ദാക്കലുകൾ ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചൊവ്വാഴ്‌ച എയർലൈനിൻ്റെ സ്ഥിതി മോശമായി, ബുധനാഴ്‌ച രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ ക്ഷാമം കൂടുതൽ വഷളായി എന്ന് എയർലൈൻ വൃത്തങ്ങൾ പ്രതികരിച്ചു.
ഗുരുഗ്രാം ആസ്ഥാനമായുള്ള ഇൻഡിഗോയ്ക്ക് നിലവിൽ ഏകദേശം 2,100 ആഭ്യന്തര, അന്തർദേശീയ വിമാന സർവ്വീസുകളുണ്ട്. അവയിൽ പ്രധാന ഭാഗവും രാത്രിയിലാണ് സർവീസ് നടത്തുന്നത്. ഇൻഡിഗോയ്ക്ക് ആകെ 416 വിമാനങ്ങളുണ്ട്. അവയിൽ 366 എണ്ണം പ്രവർത്തിക്കുന്നു, 50 എണ്ണം നിലത്താണ്. പ്രതിവാര വിശ്രമ കാലയളവ് 48 മണിക്കൂറായി ഉയർത്തുക, രാത്രി സമയം നീട്ടുക, രാത്രി ലാൻഡിംഗുകളുടെ എണ്ണം ആറിൽ നിന്ന് രണ്ടായി പരിമിതപ്പെടുത്തുക എന്നിവ ഉൾപ്പെടുന്ന പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി മാനദണ്ഡങ്ങളാണ് നിലവിൽ വന്നിരിക്കുന്നത്.
ഇൻഡിഗോ, ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എന്നിവയുൾപ്പെടെയുള്ള ആഭ്യന്തര വിമാനക്കമ്പനികൾ തുടക്കത്തിൽ ഈ പരിഷ്‌കരണത്തെ എതിർത്തെങ്കിലും ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് ഡിജിസിഎ പിന്നീട് അവ നടപ്പാക്കാൻ നിർബന്ധിതമായി. 2024 മാർച്ച് മുതൽ ഈ മാനദണ്ഡങ്ങൾ നടപ്പിലാക്കേണ്ടതായിരുന്നു. എന്നാൽ ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ അധിക ക്രൂ ആവശ്യകതകൾ ചൂണ്ടിക്കാട്ടി ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ ആവശ്യപ്പെട്ട് നീട്ടുകയായിരുന്നു. ഇതിലാണ് കോടതി ഇടപെട്ടത്.
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രകാരം, ആറ് പ്രധാന ആഭ്യന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള ഇൻഡിഗോയുടെ പ്രകടനം ചൊവ്വാഴ്ച 35 ശതമാനമായി കുറഞ്ഞു. അതേസമയം എയർ ഇന്ത്യ 67.2 ശതമാനവും എയർ ഇന്ത്യ എക്‌സ്പ്രസ് 79.5 ശതമാനവും സ്പൈസ് ജെറ്റ് 82.50 ശതമാനവും ആകാശ എയർ 73.20 ശതമാനവും സർവ്വീസ് നടത്തി.
IndiGo cancels over 70 flights due to lack of staff











