
ന്യൂഡല്‍ഹി: ഒരു വിചിത്രമായ സംഭവത്തിനാണ് കഴിഞ്ഞ ദിവസം ഇന്‍ഡിഗോ വിമാനം സാക്ഷ്യം വഹിച്ചത്. യാത്ര പുറപ്പെടാന്‍ തയ്യാറെടുക്കുമ്പോഴാണ് ആ കാഴ്ച എല്ലാവരേയും ഞെട്ടിച്ചത്. സൂററ്റില്‍ നിന്ന് ജയ്പൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ലഗേജ് വാതിലിനടുത്ത് പറന്നിരുന്നത് ഒരു കൂട്ടം തേനീച്ചകള്‍. ഇവയെ തുരത്താനുള്ള പെടാപ്പാടായിരുന്നു പിന്നീട്.
എല്ലാ യാത്രക്കാരും വിമാനത്തില്‍ കയറിയിരുന്നു. അവരുടെ ലഗേജുകള്‍ വിമാനത്തില്‍ കയറ്റുന്നതിനിടെയാണ് തേനീച്ചക്കൂട്ടം പറക്കുന്നതില്‍ നിന്ന് ഇടവേള എടുത്ത് തുറന്ന ലഗേജ് വാതിലില്‍ വന്നിരുന്നത്. തേനീച്ചകളെ തുരത്താന്‍ പുകച്ചുനോക്കി. പക്ഷേ അവ പിന്മാറിയില്ല. ഈ ശ്രമം പരാജയപ്പെട്ടപ്പോള്‍, അഗ്‌നിശമന സേനയെ അറിയിച്ചു. ഒരു ഫയര്‍ എഞ്ചിന്‍ റണ്‍വേയില്‍ എത്തി ലഗേജ് വാതിലില്‍ വെള്ളം തളിക്കാന്‍ തുടങ്ങി. ഇതോടെ ഗത്യന്തരമില്ലാതെ ‘വിമാനയാത്ര ഉപേക്ഷിച്ച്’ തേനീച്ചകള്‍ സ്ഥലം വിട്ടു.
അങ്ങനെ വൈകുന്നേരം 4.20 ന് സൂറത്തില്‍ നിന്ന് പറന്നുയരേണ്ടിയിരുന്ന എയര്‍ബസ് എ 320 വിമാനം ഒരു മണിക്കൂര്‍ വൈകി 5.26 ന് പുറപ്പെട്ടു.