ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി; നാല് ഇൻസ്പെക്ടർമാരെ പിരിച്ചുവിട്ടു

ഇൻഡിഗോ വിമാന സർവീസുകളുടെ പ്രതിസന്ധിയെ തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നാല് ഫ്ലെറ്റ് ഓപറേഷൻസ് ഇൻസ്പെക്ടേഴ്സിനെ (FOI) പദവിയിൽ നിന്ന് പിരിച്ചുവിട്ടു. ഡിസംബർ 11-ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ഉദ്യോഗസ്ഥരുടെ കരാർ റദ്ദാക്കിയത്.

ഋഷി രാജ് ചാറ്റർജി, കൺസൾട്ടൻ്റ്, (ഡെപ്യൂട്ടി ചീഫ് എഫ്ഒഐ), സീമ ജംനാനി, സീനിയർ എഫ്ഐഐ, അനിൽ കുമാർ പൊഖാരിയൽ, കൺസൾട്ടൻ്റ് (എഫ്ഐഐ), പ്രിയം കൗശിക്, കൺസൾട്ടൻ്റ് എഫ്ഒഐ എന്നിവരെയാണ് പിരിച്ചുവിട്ടത്. വിമാന സുരക്ഷ, പൈലറ്റ് പരിശീലനം, എയർലൈൻ പ്രവർത്തനങ്ങൾ തുടങ്ങിയവയായിരുന്നു ഇവരുടെ ചുമതലകൾ.

അതേസമയം, ഡിജിസിഎ നിർദ്ദേശം അനുസരിച്ച് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് വീണ്ടും ഹാജരാകും. വിമാന സർവീസിലെ തടസ്സങ്ങൾ നിലവിലെ സ്ഥിതിഗതികൾ ഉൾപ്പെടെ പരിശോധിക്കുന്ന നാലംഗ സമിതിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. ഇതിനിടെ ഇൻഡിഗോ പ്രതിസന്ധിയിൽ വ്യോമയാന മന്ത്രാലയത്തിനും ഡിജിസിഎക്കും ഉത്തരവാദിത്തം ഉണ്ടെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം പറഞ്ഞു.

റിപ്പോർട്ടുകൾ പ്രകാരം ഡിസംബർ 5-ന് മാത്രം 1,580 വിമാനങ്ങൾ റദ്ദാക്കി. ഡിസംബർ 1 മുതൽ 9 വരെ 4,290 ആഭ്യന്തര സർവീസുകളും 64 അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കി. നവംബർ 1 മുതൽ പ്രാബല്യത്തിൽ വന്ന FDTL Phase-2 (പുതിയ ക്രൂ ഡ്യൂട്ടി നിയമങ്ങൾ) നടപ്പാക്കുന്നതിൽ എയർലൈൻ തയ്യാറായിരുന്നില്ലെന്നതാണ് പ്രധാന കാരണം. പ്രതിസന്ധിയെ തുടർന്ന് ഇൻഡിഗോയുടെ സർവീസ് ദിവസേന10 ശതമാനം വെട്ടി കുറയ്ക്കാനും സർക്കാർ നിർദേശമുണ്ട്

ഡിസംബർ 8 മുതൽ പ്രവർത്തനം സാധാരണയായി തുടങ്ങിയതായി ഇൻഡിഗോ അവകാശപ്പെട്ടിട്ടും, വ്യാഴാഴ്ച 200-ൽ കൂടുതൽ വിമാനങ്ങൾ റദ്ദായി. ഇന്ന് രാവിലെയും 54 വിമാന സർവീസുകൾ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടൽ ശക്തമായി തുടരുകയാണ്.

IndiGo flight service crisis; Four inspectors dismissed

More Stories from this section

family-dental
witywide