
ലഖ്നൗ : ലഖ്നൗ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം ടേക്ക് ഓഫ് റദ്ദാക്കി. സമാജ്വാദി പാര്‍ട്ടി എംപി ഡിംപിള്‍ യാദവ് ഉള്‍പ്പെടെ 151 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുത്ത വിമാനം റണ്‍വേയുടെ അവസാന ഭാഗത്തേക്ക് എത്തിയെങ്കിലും വിമാനം വായുവിലേക്ക് ഉയര്‍ത്താന്‍ പൈലറ്റിന് കഴിയാതെ വരികയും സാങ്കേതിക പ്രശ്‌നം നേരിടുകയും ചെയ്തതോടെയാണ് യാത്ര റദ്ദാക്കിയതെന്ന് ദൃക്സാക്ഷികളും വിമാനത്താവള ഉദ്യോഗസ്ഥരും പറഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
പൈലറ്റ് അവസരോചിതമായി ഇടപെട്ട് അടിയന്തര ബ്രേക്കുകള്‍ പ്രയോഗിച്ച് വിമാനം പൂര്‍ണ്ണമായും നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന്, യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലേക്ക് എത്തിക്കുകയായിരുന്നു.
ഈ മാസം ആദ്യം, അബുദാബിയിലേക്ക് പോകുകയായിരുന്ന മറ്റൊരു ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ സാങ്കേതിക തകരാര്‍ നേരിടുകയും കൊച്ചിയില്‍ തിരിച്ചിറക്കുകയും ചെയ്തിരുന്നു.















