
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ സമീപ വർഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവർത്തന തടസ്സങ്ങളിലൊന്നിനെ നേരിടുകയാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിലായി പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള 200-ലധികം വിമാനങ്ങൾ റദ്ദാക്കുകയും നൂറുകണക്കിന് വിമാനങ്ങൾ വൈകുകയും ചെയ്തു. ആയിരക്കണക്കിന് യാത്രക്കാരെ വലച്ചായിരുന്നു ഈ സംഭവ വികാസങ്ങൾ. വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ നീണ്ട നിരകൾ കാണാമായിരുന്നു.
ജീവനക്കാരുടെ ക്ഷാമം, പുതിയ ഡ്യൂട്ടി സമയ നിയമങ്ങൾ, പ്രധാന വിമാനത്താവളങ്ങളിലെ സാങ്കേതിക തകരാറുകൾ, ശൈത്യകാല പ്രവർത്തനങ്ങളിലെ കനത്ത തിരക്ക് എന്നിവയാണ് ഇൻഡിഗോയെ ബാധിച്ചത്. വിഷയം ഗൌരവമേറിയതായതിനാൽ ഇൻഡിഗോയ്ക്ക് എതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഉയർന്ന സമ്മർദ്ദമുള്ള റൂട്ടുകളിൽ എയർലൈൻ ജീവനക്കാരെ വീണ്ടും വിന്യസിക്കുന്നു, രാത്രി ഷെഡ്യൂളുകൾ പരിഷ്കരിക്കുന്നു, അവസാന നിമിഷത്തെ കുഴപ്പങ്ങൾ ഒഴിവാക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത റദ്ദാക്കലുകൾ നടത്തുന്നു, വിമാനങ്ങളെയും ക്രൂ റൊട്ടേഷനുകളെയും പുനഃക്രമീകരിക്കുന്നു…തുടങ്ങിയ നടപടിക്രമങ്ങളിലൂടെ ഏകദേശം 48 മണിക്കൂറിനുള്ളിൽ പ്രവർത്തനങ്ങൾ പൂർവ്വസ്ഥിതിയിലാകുമെന്നാണ് ഇൻഡിഗോ പറയുന്നത്.
“ഞങ്ങളുടെ ഉപഭോക്താക്കളോട് ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു… ചെറിയ സാങ്കേതിക തകരാറുകൾ, ശൈത്യകാലവുമായി ബന്ധപ്പെട്ട ഷെഡ്യൂൾ മാറ്റങ്ങൾ, പ്രതികൂല കാലാവസ്ഥ, വ്യോമയാന സംവിധാനത്തിലെ വർദ്ധിച്ച തിരക്ക്, അപ്‌ഡേറ്റ് ചെയ്ത ക്രൂ റോസ്റ്ററിംഗ് നിയമങ്ങൾ നടപ്പിലാക്കൽ എന്നിവയുൾപ്പെടെ നിരവധി അപ്രതീക്ഷിത പ്രവർത്തന വെല്ലുവിളികൾ ഞങ്ങളുടെ പ്രവർത്തനങ്ങളിൽ പ്രതികൂലമായ സ്വാധീനം ചെലുത്തി,” ഇൻഡിഗോ ഒരു പ്രസ്താവനയിൽ പറഞ്ഞു.
IndiGo in total chaos with over 200 flights cancelled, over a thousand delayed; DGCA announces investigation









