
ന്യൂഡൽഹി: വ്യോമയാന പ്രതിസന്ധിയിൽ മണിക്കൂറുകളോളം വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടന്ന യാത്രക്കാർക്ക് ഇൻഡിഗോ 10,000 രൂപയുടെ ട്രാവൽ വൗച്ചർ നൽകുമെന്ന് പ്രഖ്യാപിച്ചു. ഡിസംബർ 3, 4, 5 തീയതികളിൽ ഗുരുതരമായി ബാധിക്കപ്പെട്ട യാത്രക്കാർക്കാണ് ഈ ആനുകൂല്യം, അടുത്ത 12 മാസത്തിനുള്ളിൽ ഏത് ഇൻഡിഗോ യാത്രയ്ക്കും ഇത് ഉപയോഗിക്കാം. വ്യോമയാന മന്ത്രാലയ ചട്ടപ്രകാരമുള്ള നഷ്ടപരിഹാരത്തിനു പുറമെയാണിത്. യാത്രയ്ക്ക് 24 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദായവർക്ക് റീഫണ്ടിനൊപ്പം യാത്രാദൈർഘ്യമനുസരിച്ച് 5,000 മുതൽ 10,000 രൂപ വരെ ലഭിക്കും. പ്രതിസന്ധി കുറഞ്ഞതായി കമ്പനി അവകാശപ്പെടുമ്പോൾ വ്യാഴാഴ്ച 1,950 സർവീസുകൾ നടത്തുമെന്നും അറിയിച്ചു.
ഡിജിസിഎയുടെ കർശന മേൽനോട്ടത്തിലാണ് ഇൻഡിഗോ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഗുരുഗ്രാമിലെ കോർപറേറ്റ് ഓഫീസിൽ എട്ടംഗ മേൽനോട്ട സമിതി രൂപീകരിച്ചു, ഇതിൽ രണ്ട് ഉദ്യോഗസ്ഥർ സ്ഥിരമായി പ്രവർത്തിക്കും. കൂടാതെ സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയും ഡെപ്യൂട്ടി ഡയറക്ടറെയും നിയോഗിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് സിഇഒ പീറ്റർ എൽബേഴ്സ് ഡിജിസിഎ മുമ്പാകെ ഹാജരാകുമെന്നാണ് വിവരം.
പ്രതിസന്ധി പൈലറ്റ് ഡ്യൂട്ടി ചട്ടങ്ങൾ മൂലമുള്ള ക്രൂ ക്ഷാമം കാരണമാണ് ഉണ്ടായതെങ്കിലും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ആയിരക്കണക്കിന് ഫ്ലൈറ്റുകൾ റദ്ദാക്കിയതോടെ സർവീസുകൾ സാധാരണ നിലയിലാക്കാൻ ഇൻഡിഗോ ശ്രമിക്കുന്നു. ഡിജിസിഎയുടെ നിർദേശപ്രകാരം ഷെഡ്യൂൾ കുറച്ചതിനു പുറമെ നഷ്ടപരിഹാരവും റീഫണ്ടും ത്വരിതപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ട്.










