
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ചൈനയിലേക്കും വിയറ്റ്നാമിലേക്കും ഇൻഡിഗോ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങുന്നു. അന്താരാഷ്ട്ര ശൃംഖല വികസിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നവംബർ 10 മുതൽ ദേശീയ തലസ്ഥാനത്ത് നിന്നുള്ള പുതിയ വിമാന സർവ്വീസുകൾ. ചൈനയിലെ ഗ്വാങ്‌ഷുവിലേക്കും വിയറ്റ്നാമിലെ ഹനോയിലേക്കുമാണ് സർവീസുകൾ. കൊൽക്കത്തയെയും ഗ്വാങ്‌ഷുവിനെയും ബന്ധിപ്പിക്കുന്ന സർവീസുകൾ ഒക്ടോബർ 26 മുതൽ ഇൻഡിഗോ പുനരാരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അഞ്ച് വർഷത്തിലേറെയായി മുടങ്ങിക്കിടന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന സർവീസുകളാണ് പുനരാരംഭിക്കുന്നത്. സമീപകാലത്ത്, ലണ്ടൻ, ഏഥൻസ് എന്നിവയുൾപ്പെടെ ചില പുതിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇൻഡിഗോ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആഴ്ച ആദ്യം, മുംബൈയിൽ നിന്ന് കോപ്പൻഹേഗനിലേക്കുള്ള വിമാന സർവീസുകളും ആരംഭിച്ചു.