
പനാജി: ഗോവ-കാർവാർ തീരത്ത് ഐഎൻഎസ് വിക്രാന്തിൽ നാവികസേനയോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പലായ വിക്രാന്തിനെ വാനോളം പ്രശംസിച്ചാണ് മോദി സംസാരിച്ചത്. വിക്രാന്തിന്റെ പേര് തന്നെ പാകിസ്താന് ഭയവും ഉറക്കമില്ലാത്ത രാത്രികളും സമ്മാനിക്കാൻ പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. “കുറച്ചു മാസങ്ങൾക്ക് മുമ്പ്, വിക്രാന്ത് എന്ന പേര് പാകിസ്താനിൽ ഭയത്തിന്റെ അലകൾ സൃഷ്ടിച്ചത് നാം കണ്ടു. യുദ്ധം തുടങ്ങും മുമ്പേ ശത്രുവിന്റെ ധൈര്യം തകർക്കാൻ ശേഷിയുള്ള പേര്, അതാണ് ഐഎൻഎസ് വിക്രാന്തിന്റെ ശക്തി,” മോദി വ്യക്തമാക്കി.
നാവികസേനയുടെ ധീരരായ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ സാധിച്ചതിൽ താൻ ഭാഗ്യവാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന് ഒരു വിസ്മയകരമായ ദിവസമാണ്. ഒരു വശത്ത് സമുദ്രവും മറുവശത്ത് ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ ശക്തിയും—ഈ കാഴ്ച അവിസ്മരണീയമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ സായുധസേനയെ പ്രത്യേകം അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു, ഐഎൻഎസ് വിക്രാന്തിന്റെ പ്രൗഢിയും നാവികസേനയുടെ സമർപ്പണവും ഊന്നിപ്പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിന്റെ വേളയിൽ മൂന്ന് സേനകളുടെയും അസാധാരണമായ ഏകോപനമാണ് പാകിസ്താനെ കീഴടങ്ങാൻ നിർബന്ധിതമാക്കിയതെന്ന് മോദി ഓർമിച്ചു. വിക്രാന്തിന്റെ സാന്നിധ്യവും അതിന്റെ പേര് മുഖേന ഉളവാക്കുന്ന ഭയവും ശത്രുരാജ്യങ്ങളെ വിറപ്പിക്കുന്നതാണെന്ന് അദ്ദേഹം ആവർത്തിച്ചു. ഈ ദീപാവലി ആഘോഷം, ഭാരതത്തിന്റെ നാവിക ശക്തിയുടെയും ഐക്യത്തിന്റെയും പ്രതീകമായി മാറിയെന്നും മോദി കൂട്ടിച്ചേർത്തു. അതേസമയം റഷ്യൻ എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പ് നൽകിയിട്ടുണ്ടെന്ന ട്രംപിന്‍റെ പരാമർശത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
‘INS Vikrant Gave Sleepless Nights To Pak’: PM Modi Celebrates Diwali With Navy