ഉപയോക്താക്കൾക്ക് കൂടുതൽ സുതാര്യതയും നിയന്ത്രണവും നൽകുന്നതിനായി ‘യുവർ ആൽഗോരിതം’ എന്ന പുതിയ എഐ അധിഷ്ഠിത ഫീച്ചറുമായി ഇൻസ്റ്റാഗ്രാം. പ്രധാനമായും ‘റീൽസ്’ ഫീഡിനെ ലക്ഷ്യമിട്ടാണ് ഈ മാറ്റം. 2025 ഡിസംബർ 11-നാണ് പുതിയ ഫീച്ചർ ഇൻസ്റ്റാഗ്രാം പ്രഖ്യാപിച്ചത്. നിലവിൽ അമേരിക്കയിലാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. താൽപ്പര്യങ്ങൾ കാലക്രമേണ മാറുന്നതിനനുസരിച്ച്, ഉപയോക്താക്കൾ കാണുന്ന ഉള്ളടക്കത്തിന്മേൽ കൂടുതൽ നിയന്ത്രണം നൽകുകയാണ് പുതിയ ഫീച്ചറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. താമസിയാതെ ഇത് ആഗോളതലത്തിൽ എല്ലാ ഉപയോക്താക്കളിലേക്കും കമ്പനി വ്യാപിപ്പിക്കും.
സാധാരണ സോഷ്യൽ മീഡിയ ആൽഗോരിതങ്ങൾ പ്രവർത്തിക്കുന്നത് രഹസ്യമായാണ്. എന്നാൽ, ‘യുവർ ആൽഗോരിതം’ എന്ന ഫീച്ചർ വഴി, ഒരു ഉപയോക്താവിന് തങ്ങളുടെ റീൽസ് ഫീഡിന് രൂപം നൽകുന്ന വിഷയങ്ങൾ കാണാനും, അതിൽ മാറ്റങ്ങൾ വരുത്താനും സാധിക്കും. ഇൻസ്റ്റാഗ്രാം ആപ്പിലെ വലത് ഭാഗത്ത് മുകളിലായിരിക്കും ‘യൂവർ ആൽഗോരിതം’ എന്ന ടാബ് കാണാൻ സാധിക്കുക. ഉപയോക്താവിന്റെ സമീപകാല പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കി എഐ ജനറേറ്റ് ചെയ്ത താൽപ്പര്യങ്ങളുടെ ഒരു സംഗ്രഹം ഇതിൽ ഉണ്ടാകും.
ഉപയോക്താവിന്റെ മാറുന്ന താൽപ്പര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഈ ഇൻസ്റ്റാഗ്രാം എഐ ഉപയോഗിക്കുന്നു.ഉള്ളടക്കത്തിന്റെ സുതാര്യതയാണ് ഈ ഫീച്ചർ ഉപയോക്താക്കൾക്ക് നൽകുന്ന പ്രധാന പ്രയോജനം . എന്തുകൊണ്ടാണ് ഒരു പ്രത്യേക റീൽ നിങ്ങളുടെ ഫീഡിൽ വന്നതെന്ന് ‘യുവർ ആൽഗോരിതം’ വ്യക്തമാക്കും. അതുപോലെ തന്നെ, ഇഷ്ടമില്ലാത്ത ഉള്ളടക്കം കാണുമ്പോൾ അത് ഒഴിവാക്കാനുള്ള സംവിധാനവും ഇത് നൽകുന്നു. തങ്ങളുടെ താൽപ്പര്യങ്ങളുടെ ലിസ്റ്റ് ഫോളോവേഴ്‌സുമായി പങ്കുവെക്കാനും ഉപയോക്താക്കൾക്ക് അവസരമുണ്ട്. നിങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് അൽഗോരിതം അപ്‌ഡേറ്റ് ചെയ്യപ്പെടും.
ഇൻസ്റ്റാഗ്രാമിന്റെ പ്രധാന എഐ-യുടെ പ്രവർത്തനത്തിൽ ഇത് വലിയ മാറ്റങ്ങളൊന്നും വരുത്തുന്നില്ല. വാച്ച് ടൈം, ലൈക്കുകൾ, ഷെയറുകൾ തുടങ്ങിയ പ്രവർത്തന രീതികളെ വിശകലനം ചെയ്യുന്ന രീതി അതേപടി തുടരും. എന്നാൽ, ഈ പുതിയ ഫീച്ചർ വഴി ഉപയോക്താക്കൾക്ക് തങ്ങളുടെ താൽപ്പര്യങ്ങൾ മാനുവലായി വർദ്ധിപ്പിക്കാനോ കുറയ്ക്കാനോ സാധിക്കും എന്നൊരു സൗകര്യമാണ് അധികമായി ലഭിക്കുന്നത്. നിലവിൽ റീൽസ് ഫീച്ചറിൽ മാത്രമാണ് ഇതിന്റെ സേവനം എങ്കിലും, ഭാവിയിൽ എക്സ്പ്ലോർ വിഭാഗത്തിലും സമാനമായ സുതാര്യതാ ടൂളുകൾ അവതരിപ്പിക്കാൻ ഇൻസ്റ്റാഗ്രാം പദ്ധതിയിടുന്നുണ്ട്.
Instagram launches new AI-based feature called Your Algorithm; now available in the US











