
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു പകരം നടനും സംവിധായകനുമായ സന്താനഭാരതിയുടെ ചിത്രം ബിജെപി പോസ്റ്ററിലെത്തിയ സംഭവം വിവാദത്തിലേക്ക്. സിഐഎസ്എഫ് റൈസിങ് ഡേയില്‍ പങ്കെടുക്കാനാണ് അമിത് ഷാ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെത്തിയത്. ഇതിനോടനുബന്ധിച്ച് വിവിധ പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലാണ് അബദ്ധം പിണഞ്ഞത്.
ബിജെപി പ്രവര്‍ത്തകര്‍ക്ക് സ്വന്തം നേതാവിനെപ്പോലും കണ്ടാലറിയില്ലെന്ന് പലരും സമൂഹമാധ്യമങ്ങളില്‍ പരിഹാസം നിറയ്ക്കുന്നുണ്ട്. ‘വര്‍ത്തമാനകാല ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍’ എന്നായിരുന്നു പോസ്റ്ററില്‍ അമിത് ഷായെ പുകഴ്ത്തിയത്. എന്നാല്‍ ചിത്രം മാറിയതോടെ എല്ലാം കുളമായി.
ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അരുള്‍ മൊഴിയുടെ പേരും പോസ്റ്ററിലുണ്ടായിരുന്നു. എന്നാല്‍ ഈ സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും അരുള്‍മൊഴി പറഞ്ഞു.