
ഗർഭഛിദ്രം നിർബന്ധിച്ച കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അന്വേഷണം ഊർജിതമാക്കി
തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം തയ്യാറെടുക്കുന്നു. ആദ്യഘട്ടത്തിൽ, സിനിമാതാരവും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്, ട്രാൻസ് വുമൺ അവന്തിക അടക്കമുള്ളവരിൽ നിന്ന് മൊഴിയെടുക്കും. നേരിട്ട് പരാതി നൽകിയിട്ടില്ലെങ്കിലും, അതിജീവിത മൊഴി നൽകുമെന്ന പ്രതീക്ഷയിലാണ് സംഘം. ശബ്ദ സന്ദേശങ്ങൾ, വാട്‌സ്ആപ്പ് ചാറ്റുകൾ തുടങ്ങിയവ തെളിവുകളായി ശേഖരിക്കുന്നതിനാൽ സൈബർ വിദഗ്ധരേയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ രാഹുലിനെതിരെ ലഭിച്ച പത്തിലേറെ പരാതികൾ മൂന്നാം കക്ഷികളുടേതാണ്. ഇവ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ലൈംഗിക പീഡന ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക സംഘം നാളെ മുതൽ നടപടികൾ ആരംഭിക്കും. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടന്ന യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു. അതിജീവിതർ നേരിട്ട് പരാതി നൽകാത്ത സാഹചര്യത്തിൽ, ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം.