ഏറ്റവും മനോഹരമായി ഐഫോണുകളെ കൊണ്ടുനടക്കാൻ ഫാഷൻ ആക്‌സസറി പുറത്തിറക്കി ആപ്പിൾ. ജാപ്പനീസ് ഫാഷൻ ഹൗസായി ഇസ്സേ മിയാകെയുമായി സഹകരിച്ചാണ് ആപ്പിൾ ഫാഷൻ ആക്‌സസറി പുറത്തിറക്കിയിരിക്കുന്നത്. ഐഫോൺ പോക്കറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ പോക്കറ്റ് ആപ്പിൾ ഒരു 3D-നെയ്ത്തിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്. ലിമിറ്റഡ് എഡിഷൻ ആക്സസറിയായ ഐഫോൺ പോക്കറ്റിന് 20,400 രൂപയാണ് വില.
നീളം കൂടിയ സ്ട്രാപ്പും നീളം കുറഞ്ഞ സ്ട്രാപ്പും എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് ആപ്പിൾ പോക്കറ്റ് വിപണിയിലെത്തുന്നത്. നീളം കുറഞ്ഞതിന് 13200 രൂപയും നീളം കൂടിയതിന് 20400 രൂപയുമാണ് വരുന്നത്. “ഒരു തുണിക്കഷണത്തിൽ” നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഐഫോൺ പോക്കറ്റ് നിർമ്മിച്ചിരിക്കുന്നത്. വളരെ ലളിതമായ രൂപകൽപ്പനയാണിതിന് നൽകിയിരിക്കുന്നത്. ചെറിയ സ്ട്രാപ്പ് ഐഫോൺ പോക്കറ്റ് കൈയിൽ കൊണ്ടുനടക്കുകയോ ബാഗിൽ ഘടിപ്പിക്കുകയോ ചെയ്യാം.
അതേസമയം നീളമുള്ള സ്ട്രാപ്പ് ക്രോസ്-ബോഡി ധരിക്കാൻ അനുവദിക്കുന്നു. രണ്ട് വേരിയന്റുകളിലും റിബഡ് ഓപ്പൺ സ്ട്രക്ചർ ഉണ്ടിതിന്. ലെമൺ, മാൻഡറിൻ, പർപ്പിൾ, പിങ്ക്, പീക്കോക്ക്, സഫയർ, സിന്നാമൻ, കറുപ്പ് എന്നീ നിറങ്ങളിൽ ഷോർട്ട് സ്ട്രാപ്പ് ഡിസൈൻ ലഭ്യമാണ്. നീളമുള്ള സ്ട്രാപ്പ് ഡിസൈൻ സഫയർ, സിന്നാമൻ, കറുപ്പ് എന്നീ നിറങ്ങളിൽ ലഭ്യമാണ്.
നവംബർ 14 ന് പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ പോക്കറ്റ്, തിരഞ്ഞെടുത്ത ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ വഴിയും യുഎസ്, യുകെ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌വാൻ, ഹോങ്കോംഗ്, ഗ്രേറ്റർ ചൈന എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ ഓൺലൈനിലൂടെയും വിൽപ്പന നടത്തും. ഈ വർഷം ആദ്യം കമ്പനി ഒരു ക്രോസ്ബോഡി സ്ട്രാപ്പ് പുറത്തിറക്കിയതിന് ശേഷമാണ് ഐഫോൺ പോക്കറ്റ് പുറത്തിറക്കുന്നത്.
iPhone becomes fashionable; Apple launches iPhone pocket to carry, just Rs 20,400











