
ഐപിഎല്ലിൽ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിന് തോൽവിയോടെ തുടക്കം. സൺറൈസേഴ്സ് ഹൈദരാബാദ് 44 റൺസിന് രാജസ്ഥാനെ തോൽപിച്ചു. ഹൈദരാബാദിന്റെ 286 റൺസ് പിന്തുടർന്ന രാജസ്ഥാന് 242 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 528 റൺസാണ് മത്സരത്തിൽ മൊത്തം പിറന്നത്. ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും മത്സരത്തിന് മാറ്റേകി. 51 ബൗണ്ടറികളും മുപ്പത് സിക്സറുകളും കണ്ട മത്സരം അക്ഷരാർത്ഥത്തിൽ ഉപ്പൽ സ്റ്റേഡിയത്തെ ത്രസിപ്പിച്ചു. ഒടുവിൽ പോരാട്ടത്തിൽ തീക്കാറ്റായി സൺ റൈസേഴ്സ് ഹൈദരാബാദ് വിജയഭേരി മുഴക്കി.
ഇഷാൻ കിഷനും ട്രാവിസ് ഹെഡും തകർത്തടിച്ചപ്പോൾ രാജസ്ഥാൻ ഫീൽഡർമാർ കാഴ്ചക്കാരായി. സീസണിലെ ആദ്യ സെഞ്ചുറി സ്വന്തം പേരിലാക്കിയ ഇഷാൻ കിഷൻ 47 പന്തിൽ 106 റൺസെടുത്ത് പുറത്താകാതെ നിന്നു. ട്രാവിസ് ഹെഡാകട്ടെ 31 പന്തിൽ 67 റൺസാണ് അടിച്ചുകൂട്ടിയത്. റൺവേട്ടയുടെ വേഗം കുറയ്ക്കാതെ നിതീഷിന്‍റെ മുപ്പത് റൺസും ക്ലാസന്‍റെ 34 റൺസും കൂടിയായപ്പോൾ ഹൈദരാബാദ് കൂറ്റൻ സ്കോറിലേക്കെത്തി.
റൺമലയിലേക്ക് ബാറ്റെടുത്ത രാജസ്ഥാന് രണ്ടാം ഓവറിൽ തന്നെ അടിതെറ്റി. സ്റ്റാർ പ്ലേയർ യശസ്വി ജയ്സ്വാൾ പുറത്തായെങ്കിലും പതറാതെ സഞ്ജു സാംസണും ധ്രുവ് ജുറലു ബാറ്റ് വീശിയതോടെ മത്സരം ആവേശമായി. സഞ്ജു 37 പന്തിൽ 66 ഉം ജുറൽ 35 പന്തിൽ 70 ഉം നേടിയെങ്കിലും നിർണായക സമയത്ത് വിക്കറ്റ് വീണത് തിരിച്ചടിയായി. സഞ്ജുവും ജുറലും വീണതോടെ ഹൈദരാബാദിന് കാര്യങ്ങൾ എളുപ്പമായി. ഷിമ്രോൺ ഹെറ്റ്മെയറും ശുഭം ദുബേയും ആവുപോലെ ആഞ്ഞടിച്ചെങ്കിലും ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ 44 റൺസ് അകലെയായിരുന്നു.