ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയുള്ള ഏറ്റവും സ്ലിം ഫോണായി ഐക്യുസ്സെഡ്10ആർ ; ഇന്ത്യയിൽ ജൂലൈ 24ന് ലോഞ്ച് ചെയ്യും

ദില്ലി: പുതിയ ബജറ്റ്-സൗഹാര്‍ദ സ്‌മാര്‍ട്ട്‌ഫോണായ ഐക്യുസ്സെഡ്10ആർ ഇന്ത്യയിലും. ജൂലൈ 24ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഐക്യു സ്ഥിരീകരിച്ചു. ഇതിനകം തന്നെ സ്സെഡ്10ആർ-ന്‍റെ ഡിസൈൻ വിവരങ്ങൾ വെളിപ്പെടുത്തിയ കമ്പനി ഇപ്പോൾ iQOO Z10R 5G ഫോണിന്‍റെ ഡിസ്പ്ലേ, പ്രോസസർ, ബാറ്ററി, ഐപി റേറ്റിംഗ് തുടങ്ങിയവയെക്കുറിച്ചുള്ള കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അക്വാമറൈൻ, മൂൺസ്റ്റോൺ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ iQOO Z10R 5G ലഭ്യമാകും. ഇന്ത്യയിൽ ഐക്യുസ്സെഡ്10ആര്‍ ഹാന്‍ഡ്‌സെറ്റിന്‍റെ വില 20,000 രൂപയിൽ താഴെയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിലെ ഏറ്റവും മെലിഞ്ഞ സ്മാർട്ട്‌ഫോണാണ് ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയുള്ള ഐക്യുസ്സെഡ്10ആർ എന്ന് അവകാശപ്പെടുന്നു.120 ഹെര്‍ട്സ് ഒഎൽഇഡി ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേ ഐക്യുസ്സെഡ്10ആർ സ്‌മാര്‍ട്ട്‌ഫോണില്‍ ലഭിക്കും. ഇതിന് ഐപി68 + ഐപി69 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗ് ഉണ്ടായിരിക്കും. അതായത് 30 മിനിറ്റ് വരെ വെള്ളത്തിൽ മുങ്ങിക്കിടന്നാലും അതിജീവിക്കാൻ ഈ ഫോണിന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. മോട്ടോറോള എഡ്‌ജ് 60 ഫ്യൂഷനിലും റിയൽമി നാർസോ 80 പ്രോയിലും കാണുന്ന അതേ എസ്ഒസി, മീഡിയടെക് ഡൈമെൻസിറ്റി 7400 പ്രോസസർ ആയിരിക്കും ഫോണിന് കരുത്ത് പകരുന്നത്.

12 ജിബി റാം, 12 ജിബി വെർച്വൽ റാം, 256 ജിബി സ്റ്റോറേജ് എന്നിവ പിന്തുണയ്ക്കും. ഗെയിമിംഗിനായി ബൈപാസ് ചാർജിംഗ് പിന്തുണയുള്ള 5,700 എംഎഎച്ച് ബാറ്ററിയാണ് ലഭിക്കുക. എന്നാൽ ഔദ്യോഗിക ചാർജർ വാട്ടേജ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചൂടിനെ കൈകാര്യം ചെയ്യുന്നതിനായി ഒരു വലിയ ഗ്രാഫൈറ്റ് കൂളിംഗ് ഏരിയ ഈ ഫോണിൽ ലഭിക്കും. കൂടാതെ കൂടുതൽ ഈടുനിൽക്കുന്നതിനായി മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് റേറ്റിംഗും ഇതിലുണ്ടാകും. ക്യാമറ വിഭാഗത്തില്‍ ഐക്യു Z10R-ൽ 50 എംപി സോണി ഐഎംഎക്സ്882 പ്രൈമറി സെൻസറും 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ടായിരിക്കും.