
ടെഹ്റാൻ: പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദി(53)യെ അറസ്റ്റ് ചെയ്ത് ഇറാനിയൻ സുരക്ഷാ സേന. ഈ മാസം ആദ്യം മരിച്ച ഒരു അഭിഭാഷകന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കവെയാണ് നർഗീസ് മുഹമ്മദിയെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തതെന്ന് അവരുടെ അനുയായികൾ പറയുന്നു.
നർഗീസിന്റെ ശരീരത്തിൽ അര്‍ബുദമാണെന്ന് സംശയിക്കുന്ന ഒരു മുറിവ് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യങ്ങൾ മൂലമാണ് 2024 ഡിസംബറിൽ ഇവരെ ജയിൽ മോചിതാക്കിയത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടമാണ് മാധ്യമ പ്രവര്‍ത്തക കൂടിയായ നര്‍ഗീസിനെ 2023ൽ നൊബേൽ പുരസ്കാരത്തിനു അര്‍ഹയാക്കിയത്.
ജയിലിൽ നിന്ന് താൽക്കാലികമായി പുറത്തിറങ്ങിയ നർഗീസ് മുഹമ്മദി, കഴിഞ്ഞയാഴ്ച ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഭിഭാഷകൻ ഖോസ്രോ അലികോർഡിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് വീണ്ടും അറസ്റ്റിലായത്. ഇവർക്കൊപ്പം മറ്റ് നിരവധി പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തതായി അവരുടെ ഫൗണ്ടേഷൻ എക്സിലൂടെ അറിയിച്ചു. 2022-ൽ പൊട്ടിപ്പുറപ്പെട്ട രാജ്യവ്യാപക പ്രതിഷേധങ്ങൾക്കെതിരായ അടിച്ചമർത്തലിൽ അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സെൻസിറ്റീവ് കേസുകളിൽ കക്ഷികൾക്കായി വാദിച്ച അഭിഭാഷകനായിരുന്നു 45 കാരനായ അലികോർഡി.
സമാധാന നൊബേല്‍ ജേതാവ് ഷിറിന്‍ എബാദിയുടെ നേതൃത്വത്തിലുള്ള ഡിഫെന്‍ഡേഴ്സ് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് സെന്‍റര്‍ എന്ന രാജ്യാന്തര സംഘടനയുടെ വൈസ് പ്രസിഡന്‍റാണ് നർഗീസ്.
Iran arrested Nobel laureate Narges Mohammadi.









