
ന്യൂഡല്‍ഹി : ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച ഇസ്രയേലില്‍ തീമഴ പെയ്യിച്ച് ഇറാന്റെ മറുപടി. ഇസ്രയേലിലെ ടെല്‍അവീവില്‍ അടക്കം ഇറാന്‍ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മിസൈലുകളെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇരു രാജ്യങ്ങളിലും ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. എങ്കിലും ആക്രമണം തുടരുമെന്നാണ് ഇരു രാജ്യങ്ങളും പറയുന്നത്.
ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ജനങ്ങള്‍ ഭൂഗര്‍ഭ ബങ്കറുകളില്‍ അഭയം തേടിയിരിക്കുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭാംഗങ്ങളുമായി ചര്‍ച്ച നടത്തി. ഇസ്രയേലിനെ സഹായിക്കാനായി മധ്യപൂര്‍വദേശത്തേക്കു യുഎസ് യുദ്ധക്കപ്പലുകളുടെയും സേനാവ്യൂഹങ്ങളുടെയും നീക്കം തുടങ്ങി.
ഇതിനിടെ ഇറാനെതിരെ ആക്രമണം നടത്താന്‍ ഇറാഖിന്റെ വ്യോമമേഖല ഉപയോഗിക്കുന്നതില്‍ നിന്ന് ഇസ്രയേല്‍ യുദ്ധവിമാനങ്ങളെ തടയണമെന്ന് ഇറാഖ് യുഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ടെഹ്റാനിലെ നൂറുകണക്കിന് ആണവ, സൈനിക കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ലക്ഷ്യം വച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഇറാന്റെ മൂന്ന് ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.