
ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഇറാന്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെക്കുറിച്ച് ഇന്ത്യൻ മാധ്യമങ്ങൾ തെറ്റായ വാര്‍ത്ത നല്‍കിയെന്ന് ഇറാൻ ആരോപിച്ചു. മാധ്യമ റിപ്പോര്‍ട്ടുകളോടുള്ള എതിര്‍പ്പ് ന്യൂ ഡല്‍ഹിയിലെ ഇറാന്‍ എംബസി ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
ഇറാനെതിരേയും പരമോന്നത നേതാവിനെതിരേയും അടിസ്ഥാനരഹിതമായ ചില വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ വരുന്നുണ്ടെന്ന് പറഞ്ഞ ഇറാൻ വാര്‍ത്ത ഏതെന്നോ അത് നല്‍കിയ മാധ്യമങ്ങള്‍ ഏതെന്നോ ഇറാന്‍ എംബസ്സി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല. ചില മാധ്യമങ്ങള്‍ എന്ന് മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്.
പൂര്‍ണമായും വിശ്വാസയോഗ്യമായ സ്രോതസുകളില്‍ നിന്നും മാധ്യമങ്ങള്‍ വാര്‍ത്ത സ്വീകരിക്കണമെന്നും ഇറാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തേയും മാധ്യമങ്ങളുടെ അവകാശങ്ങളേയും ബഹുമാനിക്കുന്നുവെന്നും കെട്ടിച്ചമച്ച വാര്‍ത്തകള്‍ നല്‍കി പൊതുജനങ്ങളുടെ വിശ്വാസവും സത്യസന്ധതയും നഷ്ടപ്പെടുത്തരുതെന്നും ഇറാൻ പ്രസ്താവനയില്‍ വ്യക്തമാക്കി.