
തന്ത്രപ്രധാന രഹസ്യ വിവരങ്ങൾ ഇസ്രയേലിന് ചോർത്തിയെന്നാരോപിച്ച് ബഹ്മൻ ചൗബി എന്നയാളെ ഇറാൻ ഭരണകൂടം പരസ്യമായി തൂക്കിലേറ്റി. മൊസാദ് ഉദ്യോഗസ്ഥരുമായി ബഹ്മൻ നിരവധി തവണ കൂടിക്കാഴ്ച നടത്തി, അതീവ സുരക്ഷയുള്ള ടെലികമ്മ്യൂണിക്കേഷൻ പദ്ധതികളുടെ നിർണായക വിവരങ്ങൾ കൈമാറിയെന്നാണ് ഇറാൻ ജുഡീഷ്യറിയുടെ ഔദ്യോഗിക മുഖപത്രമായ മിസാൻ വെളിപ്പെടുത്തുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിലും ബഹ്മന്റെ ഇടപെടലുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ജൂണിലെ ഇസ്രയേൽ ആക്രമണത്തിന് ഈ വിവരങ്ങൾ വഴിയൊരുക്കിയെന്നും ഇറാൻ ആരോപിക്കുന്നു.
വധശിക്ഷയ്ക്കെതിരെ ബഹ്മൻ അപ്പീൽ നൽകിയെങ്കിലും ഇറാൻ സുപ്രീം കോടതി ഇത് തള്ളി, തുടർന്നാണ് ശിക്ഷ നടപ്പാക്കിയത്. ഈ മാസം ഇത്തരം ആരോപണത്തിന് തൂക്കിലേറ്റപ്പെടുന്ന രണ്ടാമത്തെയാളാണ് ബഹ്മൻ. സെപ്തംബർ 17-ന് ബാബക് ഷഹ്ബാസി എന്നയാളെയും ഇറാൻ തൂക്കിലേറ്റിയിരുന്നു. ചെയ്യാത്ത കുറ്റത്തിനാണ് ഷഹ്ബാസിയെ ശിക്ഷിച്ചതെന്ന് ഇറാനിലെ മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുമ്പോൾ, ദൈവത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതും ഭൂമിയിലെ അഴിമതിയുടെ പ്രതീകമാണെന്നുമാണ് ഇറാൻ ഭരണകൂടത്തിന്റെ വാദം.
ആണവ ശാസ്ത്രജ്ഞരെയും ആണവ നിലയങ്ങളെയും സംബന്ധിച്ച വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് അറ്റോമിക് എനർജി ഓർഗനൈസേഷനിലെ ജീവനക്കാരനായിരുന്ന റൂസ്ബ് വഡി എന്നയാളെ ഓഗസ്റ്റിലും ഇറാൻ തൂക്കിലേറ്റി. ജൂണിലെ ഇസ്രയേൽ ആക്രമണത്തിന് കാരണമായെന്ന് കരുതുന്ന 10 പേരെ കൂടി വൈകാതെ തൂക്കിലേറ്റുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ സംഭവങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു.